ആലപ്പുഴ: ആലപ്പുഴയിൽ ഭൂട്ടാൻ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം പോലീസ് അസ്റ്റു ചെയ്തു. കുട്ടനാട് നെടുമുടി ചെമ്പുംപുറം സ്വദേശി ശ്രീരണദിവയെ ആണ് ആലപ്പുഴ ജില്ലാപൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക സംഘം പിടികൂടിയത്.

ഈ മാസം ആറിനാണ് ആലപ്പുഴ മുല്ലയ്ക്കലിൽ വെച്ച് ഭൂട്ടൻ സ്വദേശിനിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തിയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രേഖാചിത്രം തയാറാക്കുകയും ചെയ്തു.

അതിനിടെ പ്രതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രേഖാചിത്രത്തിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വ്യക്തത ലഭിച്ചത്. ആലപ്പുഴ ക്ഷേമനിധി ഓഫീസിൽ താൽക്കാലിക ജീവനക്കാരനായ ശ്രീരണവിദേയാണ് പ്രതിയെന്ന് പൊലീസിന് വ്യക്തമായി. ഇയാളുടെ ചിത്രം പരാതിക്കാരി തിരിച്ചറിഞ്ഞു. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.

സംഭവം നടന്ന ദിവസം രാവിലെ സാധാരണ പോലെ പ്രതി ഓഫീസില്‍ പോയിരുന്നതായി പോലീസിനോട് പ‍റഞ്ഞു. സംഭവം നടന്ന ദിവസം വൈകീട്ടും അടുത്തദിവസവുമല്ലാം ഇയാള്‍ അതുവഴി തന്നെയാണ് ഓഫീസിലേക്ക് പോകുകയും വരികയും ചെയ്തത്. 799 നമ്പറില്‍ അവസാനിക്കുന്ന കറുത്ത ബൈക്കില്‍ വന്ന ആളാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. പ്രതി ഉപയോഗിച്ച ബൈക്കിന്‍റെ നിറം കറുപ്പാണെങ്കിലും അവസാനിക്കുന്ന നമ്പര്‍ 199 ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.