കൊട്ടാരക്കര: 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ ഫിസിയോ തെറാപ്പിസ്റ്റ് പൊലീസ് പിടിയില്‍. തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് കൊട്ടാരക്കര പൊലീസ് സംഘം പ്രതി സാനു രാജേന്ദ്രനെ പിടികൂടിയത്
ഈ വര്‍ഷം മാര്‍ച്ചിലാണ് കൊട്ടാരക്കര സ്വദേശിനിയായ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സാനു രാജേന്ദ്രന്‍ വിദേശത്തേക്ക് കടക്കുന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു സാനു. ഇതിനിടെ ഇയാളുടെ പരിചയത്തിലുള്ള ഓരാള്‍ ചികിത്സക്കായി ഇവിടെയെത്തി. ഇയാളുമായി സൗഹൃദം സ്ഥാപിച്ച ശേഷം രോഗിയുടെ ബന്ധുവായ പെണ്‍കുട്ടിയെ സാനു പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയപ്പോഴേക്കും പ്രതി മലേഷ്യയിലേക്ക് കടന്നു കളഞ്ഞു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് സാനു പിടിയിലാകുന്നത്. അറസ്റ്റ് ഭയന്ന് തിരുച്ചിറപ്പള്ളിയിലാണ് ഇയാള്‍ വിമാനമിറങ്ങുന്നത്. എന്നാല്‍ വിമാനത്തവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പ്രതിയെ കസ്റ്റിഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
