പ്രതികളുടെ പക്കല്‍ നിന്ന് പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി യുവതി നേരത്തേ ആരോപിച്ചിരുന്നു. ഏതാണ്ട് 95 ശതമാനത്തോളം പൊള്ളലേറ്റ യുവതിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ഏറെ ശ്രമിച്ചിരുന്നു
ലക്‌നൗ: കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നാരോപിച്ച് മകനൊപ്പം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ഷാജഹാന്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതിയും കുഞ്ഞും.
രണ്ടാഴ്ച മുമ്പാണ് 27കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കില്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് യുവതി നേരത്തേ അറിയിച്ചിരുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12കാരനായ മകനെയും കൂട്ടി തീ കൊളുത്തി മരിക്കാന്‍ യുവതി ശ്രമിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 15 ശതമാനം പൊള്ളലേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ മറ്റൊരു യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പൊലീസന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഇവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. എന്നാല്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായിരുന്നു.
