റാഖ: സിറിയയിലെ ഇസ്ളാമിക്ക് സ്റ്റേറ്റിന്‍റെ ആസ്ഥാനമായ റാഖ സൈന്യം പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള ഖുർദ്ദിഷ് അറബ് സഖ്യസേന ഒരു വർഷം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തന്ത്രപ്രധാന ഐഎസ് കേന്ദ്രം പിടിച്ചെടുത്തത്. സിറിയയിലെ വടക്കൻ നഗരമായ റാഖ പിടിച്ചെടുത്തതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവ് തലാൽ സിലോയാണ് ലോകത്തെ അറിയിച്ചത്.

ഐഎസിൽ നിന്നും റാഖ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലായിരുന്നു.റാഖയിലെ യുദ്ധം അവസാനിച്ചെന്നും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഏതെങ്കിലും സ്ലീപ്പര്‍ സെല്ലുകള്‍ പ്രവർത്തിക്കുന്നുണ്ടോ എന്നത് സൈന്യം പരിശോധിക്കുകയാണെന്നും എസ് ഡി എഫ് വക്താവ് പറഞ്ഞു. റാഖയിലെ പല ഇടങ്ങളിലും ഐഎസ് മൈനുകൾ കുഴിച്ചിട്ടുണ്ടെന്നും സൈന്യം സംശയിക്കുന്നു. 

90 ശതമാനം മേഖലയും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി കഴിഞ്ഞു.ഐഎസ് ഭീകരരെയും സൈന്യം വധിച്ചു.അന്തിമ പോരാട്ടത്തിന് ശേഷം സൈന്യം റാഖ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.2014ലാണ് ഇസ്ലാമിക് സ്റ്റേറ്റ് റാഖ പിടിച്ചെടുത്തത്.റാഖയിൽ നിന്നുമാണ് ഐഎസ് തങ്ങളുടെ സേനയെ നയിച്ചത്.വിവിധ രാജ്യങ്ങളിൽ നിന്നും ഐഎസിലേക്ക് എത്തുന്നവരെ റാഖയിലാണ് ഐഎസ് വിന്യസിച്ചത്.

കുപ്രസിദ്ധമായ തടങ്കൽ ദൃശ്യങ്ങളും ഐഎസ് ചിത്രീകരിച്ചത് റാഖയിലെ കേന്ദ്രങ്ങളിൽ നിന്നുമായിരുന്നു.കഴിഞ്ഞ നവംബറിലാണ് കുർദ്ദ് അറബ് പിന്തുണയോടെ സേന റാഖ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന് ശക്തമാക്കിയത്.കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം മൂവായിരത്തോളം പേർ റാഖയിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൊസൂളിലെ പതനത്തിന് ശേഷം ഐഎസ് ഈ വർഷം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് റാഖയിലേത്.