അപൂര്‍വമായ ആകാശക്കാഴ്ചയ്‌ക്ക് സാക്ഷിയായി ലോകം. പൂര്‍ണ ചന്ദ്ര ഗ്രഹണത്തോടൊപ്പം സൂപ്പര്‍മൂണും ബ്ലൂ മൂണും ഒരുമിച്ച് എത്തുന്നത് ഒന്നര നൂറ്റാണ്ടിന് ശേഷമാണ്.

കടും ഓറഞ്ച് നിറത്തില്‍ നിറനിലാവിന്റെ പ്രഭ ചൊരിഞ്ഞ് കൂടുതല്‍ വലിപ്പത്തോടെ മാനത്ത് നൂറ്റാണ്ടിന്റെ ചന്ദ്രോത്സവം. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ രേഖയിലെത്തുന്ന ചന്ദ്രഗ്രഹണം. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സൂപ്പര്‍മൂണ്‍. മാസത്തിലെ രണ്ടാമത്തെ പൗര്‍ണ്ണമി ദിവസത്തിലെ ബ്ലൂമൂണ്‍. മൂന്നും ഒരുമിച്ച് വരുന്ന അപൂര്‍വ ദൃശ്യാനുഭവം നുകാരാന്‍ പതിനായിരങ്ങള്‍ മാനത്തേക്ക് കണ്ണു നട്ടു.

സന്ധ്യയ്‌ക്ക് 6.21ന് ചന്ദ്രന്‍ ഉദിക്കുന്നതു മുതല്‍ 7.37 വരെയായിരുന്നു കേരളത്തില്‍ പൂര്‍ണചന്ദ്രഗ്രഹണം. തിരുവനന്തപുരം ശാസ്‌ത്ര സാങ്കേതിക മ്യൂസിയം ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ ഗ്രഹണം കാണാന്‍ ടെലിസ്കോപ് ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഒരുക്കി. ഏഴ് മണിയോടെ ചുവന്ന ചന്ദ്രന്‍ ദൃശ്യമായി തുടങ്ങി. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുളള നിരവധി പേര്‍ ആകാശ വിസ്മയം കാണാനെത്തി. ആകാശം മേഘാവൃതമായിരുന്നെങ്കിലും 7.31 ഓടെ കോഴിക്കോട് ബ്ലൂ ബ്ലഡ് മൂണ്‍ തെളിഞ്ഞു.മഞ്ഞും അന്തരീക്ഷ മലിനീകരണവും മൂലം ദില്ലിയില്‍ അല്പം വൈകിയാണ് ചന്ദ്രന്‍ ദൃശ്യമായത്.