കോഴിക്കോട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഇങ്ങനെയൊരു വൈറസ് എങ്ങനെയെത്തി എന്നതാണ് ആരോഗ്യവിദഗ്ദ്ധരെ അന്പരിപ്പിക്കുന്ന കാര്യം

കോഴിക്കോട്: അജ്ഞാത വൈറസ് പനി മൂലം മൂന്ന് പേര്‍ മരിച്ച കോഴിക്കോട് ചങ്ങോരത്ത് മണിപ്പാൽ സെൻറർ ഫോർ വൈറസ് റിസർച്ചിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി.പ്രൊഫസർ ജി അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരിച്ചവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. 

ഇവിടെ നിന്നും ശേഖരിക്കുന്ന സാംപിൾ പൂനയിലെ വൈറോളജി ഇൻസ്റ്റ്യൂട്ടിലും മണിപ്പാലിലെ സെൻറർ ഫോർ വൈറസ് റിസർച്ചിലും പരിശോധിക്കും.കോഴിക്കോട് ചങ്ങരോത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചത് അപൂര്‍വയിനം വൈറസ് രോഗം മൂലമാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് പടരുന്നത് മൃഗങ്ങളിലൂടെയാണെന്ന നിഗമനത്തില്‍ സംസ്ഥാനമെങ്ങും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമമായ ചങ്ങോരത്ത് എങ്ങനെ ഈ വൈറസെത്തി എന്നതാണ് നാട്ടുകാരെ അന്പരിപ്പിക്കുന്ന കാര്യം. എന്നാല്‍ ശാസ്ത്രീയപരിശോധനകളിലൂടെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണകാരണവും വൈറസ് പനിയാണെന്ന് അറിഞ്ഞതോടെ ഇവരുടെ ചുറ്റുവട്ടത്തുള്ള മുപ്പതോളം കുടുംബങ്ങള്‍ ഇതിനോടകം താമസം മാറിക്കഴിഞ്ഞു. ചുറ്റുവട്ടത്തുള്ള 150- ഓളം പേരുടെ രക്തം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. 


അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും മരണം നടന്ന വീട്ടില്‍ അല്ലാതെ മറ്റെവിടെയും വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പ്രദേശത്ത് പരിശോധന നടത്തിയ പ്രൊഫസര്‍ ജി അരുണ്‍ കുമാര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വീട്ടില്‍ മുയലുകളെ വളര്‍ത്തിയിരുന്നു എന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആ നിലയ്ക്കും വിദഗ്ദ്ധസംഘം അന്വേഷണം നടത്തുന്നുണ്ട്. ഈ വീട്ടിലെ രണ്ട് മുയലുകള്‍ ഈ അടുത്ത് മരിച്ചിരുന്നു. മുയലുകളെ വീടിനകത്ത് കയറ്റുന്ന ശീലവും വീട്ടുകാര്‍ക്കുണ്ടായിരുന്നു എന്നും മണിപ്പാലിലെ ഡോക്ടര്‍മാരുടെ സംഘത്തോട് നാട്ടുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീട്ടിലെ മുയലുകളുടെ സാന്പിളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. 

ചങ്ങരോത്ത് വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാലിഹ്, സഹോദരൻ സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരാണ് അപൂര്‍വ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. കടുത്ത പനിയും മസ്തിഷ്കജ്വരവും മൂലം കഴിഞ്ഞ അഞ്ചാം തിയതി മുഹമ്മദ് സാദിഖാണ് ആദ്യം മരിച്ചത്. ഇതേ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന സഹോദരന്‍ സാലിഹ് വെളളിയാഴ്ചയും ഇവരുടെ പിതാവിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ മറിയം ശനിയാഴ്ചയും മരിച്ചു. 

ഇതേ കുടുംബത്തിലെ മൂന്ന് പേര്‍രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലുമാണ് ചികിത്സ തേടിയത്.സാലിഹിന്‍റെയും സാദിഖിന്‍റെയും പിതാവ് മൂസ, സാലിഹിന്‍റെ പ്രതിശ്രുത വധു ആത്തിഫ, ഇവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു ബന്ധു എന്നിവരും സാലിഹിനേയും സാദിഖിനേയും പേരാന്പ്ര ആശുപത്രിയിലെ ചികിത്സിച്ച ഒരു നഴ്സും സമാന ലക്ഷണങ്ങളോടെ ചികില്‍സയിലാണ്.

പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നും ഇവരുടെ സംപിള്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ വൈറസ് ഏതെന്ന് വ്യക്തമാകൂ. രോഗ ലക്ഷണങ്ങളുളളവര്‍ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. ചെന്നൈ അപ്പോളോ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് വിദഗ്ദരും കോഴിക്കോടെത്തിയിട്ടുണ്ട്.
മൃഗങ്ങളിലുടെ പടരുന്ന വൈറസ് ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി. വവ്വാലുകളിലൂടെ പടരുന്ന നിപ്പാ വൈറസിന്‍റെ ലക്ഷണമാണ് മരിച്ചവരില്‍ കണ്ടെത്തിയിട്ടുളളത്. 1999ല്‍ കണ്ടെത്തിയ ഈ വൈറസ് സിംഗപ്പൂരിലും മലേഷ്യയിലും നിരവധി പേരുടെ മരണത്തിന് കാരണമായിരുന്നു.