ആയിരം ലിറ്റര്‍ വരുന്ന മദ്യത്തിന്‍റെ മുക്കാല്‍ ഭാഗവും എലികള്‍ കുടിച്ചു.
പാട്ന: റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ച് തീർത്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേലി കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യമാണ് എലികള്‍ കുടിച്ച് തീര്‍ത്തെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച സ്റ്റോർ റൂം തുറന്നപ്പോഴാണ് കാലിയായ കന്നാസുകൾ കണ്ടെത്തിയത്.
നിരവധി കന്നാസുകൾ ഒഴിഞ്ഞും ചിലതിന്റെ അടിഭാഗങ്ങളിൽ ദ്വാരവും ഉണ്ടായിരുന്നു. ഇതോടെ മദ്യം കുടിച്ച് തീർത്തത് എലികളാണെന്ന് പെലീസ് സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റോർ റൂം തുറന്നപ്പോൾ കന്നാസുകൾക്ക് സമീപം എലികൾ വിഹരിക്കുകയായിരുന്നു. ആയിരം ലിറ്റര്‍ വരുന്ന മദ്യത്തിന്‍റെ മുക്കാല്‍ ഭാഗവും എലികള്‍ കുടിച്ചു. എലികള്‍ സ്ഥിരം മദ്യം കഴിക്കാന്‍ ആരംഭിച്ചതു പോലുണ്ടെന്നും സ്റ്റോര്‍ റൂം എലികളുടെ വിഹാര കേന്ദ്രമായതായും സ്റ്റേഷനിലെ സീനിയർ ക്ലർക്കായ നരേഷ് പാല്‍ പറഞ്ഞു..
സാധരണ റെയ്ഡിൽ പിടിച്ചെടുക്കുന്ന മദ്യം നടപടികൾക്ക് ശേഷം നശിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പിടിച്ചെടുത്ത മദ്യം നശിപ്പിക്കണമെന്നാവശ്യപ്പെട്ട് മേൽ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും നരേഷ് കൂട്ടിചേർത്തു. അതേസമയം എലികളാണോ അതോ വെറെന്തെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുന്നതായി പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് വ്യക്തമാക്കി.
