തിരുവനന്തപുരം: ആര്‍.സി.സിയിലെ ചികില്‍സക്കിടെ എച്ച്.ഐ.വി ബാധ ഉണ്ടെന്ന് കണ്ടെത്തിയ കുട്ടിയ്ക്ക് ക്യാന്‍സര്‍ ചികില്‍സ അടക്കം നിഷേധിക്കുന്നതായി പരാതി . ഒരാഴ്ച മുന്പ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തു . അതേസമയം ക്യാന്‍സര്‍ ചികില്‍സ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും രക്ഷിതാക്കള്‍ അത് വേണ്ടെന്ന് വച്ച് ഡിസ്ചാര്‍ജ് വാങ്ങി പോകുകയായിരുന്നുവെന്ന് ആര്‍.സി.സി ഡയറക്ടര്‍ പ്രതികരിച്ചു . 

ആര്‍.സി.സിയിലെ രക്താര്‍ബുദ ചികില്‍സക്കിടെയാണ് 9 വയസുകാരിയ്ക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയത് . തുടര്‍ന്ന് സംഭവം വിവാദമായതോടെ തുടര്‍ ചികില്‍സ അടക്കം എല്ലാം ആര്‍.സി.സി സൗജന്യമായി വാഗ്ദാനം ചെയ്തു . പിന്നീട് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ വൈറസിന്‍റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ എച്ച് ഐ വി ബാധയല്ലെന്ന് സ്ഥിരീകരിച്ചിട്ടുമില്ല , ഇതേത്തുടര്‍ന്ന് എച്ച് ഐ വി ബാധയ്ക്ക് നല്‍കുന്ന ചികില്‍സ തുടങ്ങിയില്ല . ഇതിനിടിയില്‍ തന്നെ രക്താര്‍ബുദത്തിനുള്ള ചികില്‍സയും ആശുപത്രി അധികൃതര്‍ നിര്‍ത്തിവച്ചെ്ന്നാണ് കുട്ടിയുടെ അച്ഛന്‍റെ പരാതി

എന്നാല്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താത്തതിനാല്‍ എച്ച്.ഐ.വി ബാധക്കുള്ള ചികില്‍സ തുടങ്ങാനാകില്ലെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധരടക്കം പറഞ്ഞതിനാലാണ് ആ ചികില്‍സ തുടങ്ങാത്തതെന്ന് ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പ്രതികരിച്ചു . രോഗമുണ്ടോ ഇല്ലയോ എന്നതില്‍ ദേശീയ തലത്തിലെ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. അര്‍ബുദ ചികില്‍സ നല്‍കാമെന്ന് പറഞ്ഞതാണെങ്കിലും കുട്ടിയുടെ വീട്ടുകാര്‍ അതിന് നില്‍ക്കാതെ പോകുകയായിരുന്നൂവെന്നും ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു