തിരുവനന്തപുരം: ചികിത്സയിലിരിക്കെ കുട്ടിയ്‌ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സാധാരണ പരിശോധനയില്‍ അണുബാധ തിരിച്ചറിയാന്‍ കഴിയാത്ത വിന്‍ഡോ പിരിഡിലുള്ള രക്തം നല്‍കിയതാകാം രോഗബാധക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് കണ്ടെത്താന്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ ആര്‍.സി.സിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . 

ചികിത്സക്കിടെ കുട്ടിയ്‌ക്ക് നല്‍കിയ 49 യൂണിറ്റ് രക്ത ഘടകവും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ പരിശോധനകളും നടത്തി രോഗബാധയില്ലെന്നും ഉറപ്പിച്ചിരുന്നു. എന്നാല്‍ വിന്‍ഡോ പീരിഡിലുള്ള രക്തമാണെങ്കില്‍ രോഗബാധ തിരിച്ചറിയാനുള്ള സംവിധാനം ആര്‍.സി.സിയില്‍ ഇല്ല . ഇതാകാം രോഗബാധയ്‌ക്ക് കാരണമായത്. വിഷയത്തില്‍ ആര്‍.സി.സിക്ക് സാങ്കേതികമായോ മനഃപൂര്‍വമായോ ഉള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. 

അതേസമയം വിന്‍ഡോ പീരിഡില്‍ തന്നെ രോഗബാധ കണ്ടെത്താനുതകുന്ന ന്യൂക്ലിക് ആസിഡ് പരിശോധയടക്കമുള്ള സംവിധാനങ്ങളുടെ പോരായ്മ ആര്‍.സി.സിക്ക് ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പരിഹരിക്കപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്. ആര്‍.സി.സിയിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലേക്കാണ് ഈ സമിതി എത്തുന്നതെന്നാണ് സൂചന. കുട്ടിയ്‌ക്ക് വീണ്ടും രക്ത പരിശോധന നടത്തണോ എന്നതിലടക്കം ഈ സമിതി തീരുമാനമെടുക്കും.