ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതിനെക്കുറിച്ച് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കെഎസ് രാധാകൃഷ്ണൻ പറഞ്ഞു.ദേവസ്വം നിയമന ബോർഡ് പിരിച്ചുവിട്ട് സർക്കാർ പുതിയ ഓർഡിനൻസ് ഇറക്കിയാൽ പിഎസ്‍സി അതിനനുസരിച്ച് നടപടിയെടുക്കും. ദേവസ്വം ബോർഡ് തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി പരീക്ഷാ നടത്തിപ്പുമായി പിഎസ്‍സി മുന്നോട്ടുപോയ സമയത്താണ് മുൻ സർക്കാർ ദേവസ്വം നിയമന ബോർഡ് രൂപീകരിച്ചത്. എന്നാൽ പ്രത്യേക നിയമന ബോർഡ് വെളളാനയാണെന്നും അത് പിരിച്ചുവിടുമെന്നുമാണ് ഇടതുസർക്കാറിന്റെ നിലപാട്.

സർക്കാർ നിർദേശം ലഭിച്ചാൽ പിഎസ്‍സി സുതാര്യമായി നിയമനം നടത്തുമെന്ന് കെഎസ് രാധാകൃഷ്ണൻ വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗത്തിനുവേണ്ടി പിഎസ്‍സി നിയമനം നടത്തുന്നതിൽ അപാകതയില്ല. സർക്കാർ ഉത്തരവിറങ്ങിയാൽ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ലർക്ക്, എഞ്ചിനീയർ തസ്തികകളിലേക്ക് പിഎസ്‍സി വഴിയായിരിക്കും നിയമനം.