ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ പണം മോഷ്ടിച്ചതായി പരാതി. പൂനെയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകാനായി ചെങ്ങന്നൂരിലെത്തിയതായിരുന്നു ഇവര്‍. അയ്യപ്പഭക്തരുടെ വേഷത്തിലാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് സംശയിക്കുന്നു. 

മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് സന്ദേശ് എന്നയാളുടെ ബാഗിലുണ്ടായിരുന്ന അമ്പത്തിമൂവായിരം രൂപയാണ് കാണാതായത്. മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അയ്യപ്പവേഷത്തിലെത്തിയ ആള്‍ സ്വാമിമാര്‍ വിരിവെച്ചതിന്‍റെ അടുത്ത് നില്‍ക്കുന്നതും തിരികെ പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

അയ്യപ്പവേഷത്തില്‍ മോഷ്ടാക്കള്‍ പതിവായെത്തുന്നുണ്ടെന്ന് അയ്യപ്പസേവാ സംഘം പരാതിപ്പെടുന്നു. തീര്‍ത്ഥാടകര്‍ വിരിവെക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ശക്തമാണ്. തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.