ഇന്ത്യയടക്കം എട്ടു രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സൗദിയില്‍ 126 റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് വിലക്ക്. കരാര്‍ ലംഘനം നടത്തിയതും, വ്യവസ്ഥകള്‍ പാലിക്കാത്തതുമാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റിന് വിലക്കേര്‍പ്പെടുത്താന്‍ കാരണം.
വിദേശത്ത് നിന്നു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് 126 റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, ശ്രീലങ്ക, താന്‍സാനിയ, നൈജര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റാണ് വിലക്കിയത്. എണ്ണായിരം മുതല്‍ ഇരുപത്തി രണ്ടായിരം റിയാല്‍ വരെയാണ് ഈ എട്ടു രാജ്യങ്ങളില്‍ നിന്നു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവ്. വേലക്കാര്‍, ഹോം നഴ്‌സ്, ഡ്രൈവര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരെ ഈ വിസയില്‍ റിക്രൂട്ട് ചെയ്യാം. റിക്രൂട്ട്മെന്റിന് അമിതമായ ഫീസ് ഈടാക്കുക, അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ മറ്റുള്ളവര്‍ക്ക് കൈമാറുക, മതിയായ രേഖകളില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക, കൃത്യസമയത്ത് തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിക്കാതിരിക്കുക, ലൈസന്‍സ് കാലാവധി തീരുക തുടങ്ങിയ കുറ്റങ്ങള്‍ ഈ കമ്പനികളില്‍ കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സ്ഥാപനം അടച്ചു പൂട്ടുക, പിഴ ചുമത്തുക തുടങ്ങിയ നടപടികളും ഇവര്‍ക്കെതിരെ സ്വീകരിക്കും. സമീപ കാലത്ത് എഴായിരത്തോളം പരാതികളാണ് റിക്രൂട്ടിംഗ് കമ്പനികള്‍ക്കെതിരെ റെജിസ്റ്റര്‍ ചെയ്തത്. പറഞ്ഞ സമയത്ത് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തവര്‍ക്കായി പതിനേഴ് ലക്ഷത്തോളം റിയാല്‍ ഇതുവരെ മടക്കി നല്‍കിയതായാണ് കണക്ക്. പരിഷ്കരിച്ച തൊഴില്‍ നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ദിവസം ഒമ്പത് മണിക്കൂര്‍ വിശ്രമത്തിനും വാരാന്ത്യ അവധിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കും അവകാശമുണ്ട്. വര്‍ഷത്തില്‍ മുപ്പത് ദിവസം വരെ സിക്ക് ലീവ്, രണ്ട് വര്‍ഷത്തില്‍ ഒരു മാസം അവധി, തുടര്‍ച്ചയായ നാല് വര്‍ഷം ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്‌താല്‍ പ്രത്യേക ബോണസ് തുടങ്ങിയവ അനുവദിക്കണം. ഇത് നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
