സ്വദേശികളായ ചെറുപ്പക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ 60 കഴിഞ്ഞ വിദേശ ജീവനക്കാരെ ഒഴിവാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ വിദേശികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആവശ്യമാണെങ്കില്‍ ഇവരുടെ വിരമിക്കല്‍ പ്രായം നീട്ടി നല്‍കാറുണ്ട്. സ്വദേശി വത്കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഖത്തറിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഈ നിബന്ധന നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയില്‍ നിയമം നടപ്പിലാക്കിയാല്‍ ഇത് പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.

ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള വിദേശ തൊഴിലാളികളെ പെട്ടന്ന് നീക്കം ചെയ്യുന്നത് തൊഴില്‍ മേഖലയ്‌ക്കൊപ്പം രാജ്യത്തിന്റെ സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയും നില നില്‍ക്കുന്നു. നിയമം നടപ്പിലാവുകയാണെങ്കില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അറുപതു വയസ്സു പിന്നിട്ട വിദേശികള്‍ക്ക് താമസ വിസ പുതുക്കുന്നതിന് അനുമതി ലഭിക്കാന്‍ ഇടയില്ല. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇതിനിടെ, വിവിധ പദ്ധതികള്‍ക്കായി രാജ്യത്തെത്തുകയും വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുകയും ചെയ്യുന്ന വിദേശികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കാന്‍ തൊഴില്‍ മന്ത്രാലയം നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.