തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്ക് തര്‍ക്കത്തിനിടെ സനല്‍ എന്ന യുവാവിനെ ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. ജീവന്‍ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയും നിയമപാലകരായ പൊലീസുകാര്‍ കൊട്ടിയടച്ചു. ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് കാറിടിച്ച സനലിനെ  പൊലീസ്  ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതിന്‍റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നു.

ഇക്കാര്യം സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സനല്‍ കുമാര്‍ ചോര വാർന്ന് റോഡിൽ കിടന്നാണ് മരിച്ചത്.  തിങ്കളാഴ്ച രാത്രി സംഭവ സ്ഥലത്തെത്തിയ പൊലീസ് സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിനും താമസമുണ്ടായി. സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ സനലിനെ 

സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. അപകടസ്ഥലത്ത് നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഏറെ വൈകിയാണ് സനലിനെ ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയിലേക്കെത്തും മുമ്പ് തന്നെ സനല്‍ മരണപ്പെടുകയായിരുന്നു.

എന്നാല്‍ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകര്‍ക്ക് ഡ്യൂട്ടി മാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്ഐയുടെ വിശദീകരണം. റൂറൽ എസ്‍പിയും കൃത്യമായി നടപടിയെടുത്തില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അപകടശേഷം ഹരികുമാർ റൂറൽ എസ്പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാൽ സംഭവത്തിന്‍റെ ഗൗരവം റൂറൽ എസ്‍പി മനസ്സിലാക്കിയില്ല. കൃത്യമായ നടപടിയെടുത്തതുമില്ല.

സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ന്‍റ് ചെയ്തിട്ടുണ്ട്. സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.