തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപന തുടങ്ങിയ മിസോറാം ലോട്ടറി നിയമവിരുദ്ധമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് . ഇതിന് പിന്നിൽ സാന്‍റിയാഗോ മാര്‍ട്ടിനാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ജി.എസ്.ടിയുവിടെ മറവിൽ ലോട്ടറി മാഫിയയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കളമൊരുക്കുന്നുവെന്ന് വി.ഡി സതീശന്‍ വിമര്‍ശിച്ചു

നിയമവിരുദ്ധമായി ലോട്ടറി വില്‍ക്കുന്നതാരെന്ന് പൊലീസ് അന്വേഷിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനെതിരെ ക്രിമിനൽ നടപടിയും എടുക്കും. നികുതി ചട്ടം പാലിക്കാത്തതിനാലും നടപടിയെടുക്കും .മിസോറാമിനും കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതും

വിൽക്കുന്ന ലോട്ടറികളുടെ എണ്ണം, മൂല്യം ,ഏജന്‍റുമാരുടെ വിശദാംശം ,ലോട്ടറി സ്കീം എന്നിവ ജി.എസ്.ടി ചട്ട പ്രകാരം നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ അറിയിക്കണം . മിസോറാം ലോട്ടറി വില്‍ക്കുന്ന ഏജന്‍റുമാര്‍ക്ക് കേരള സംസ്ഥാന ലോട്ടറി നല്‍കില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

വരവിനെക്കാള്‍ ചെലവുള്ള മിസോറാം ലോട്ടറി സമ്മാനം നല്‍കാതെ തട്ടിക്കുന്നതാണ്. ഈ ലോട്ടറി ബഹിഷ്കരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു . അതേ സമയം ലോട്ടറി മാഫിയയുമായുള്ള സി.പി.എം ബന്ധം വീണ്ടും മറനീക്കിയെന്നാണ് വി.ഡി സതീശന്‍റെ ആരോപണം ലോട്ടറി മാഫിയയെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് സതീശൻ കൂട്ടിച്ചേര്‍ത്തു.