ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ക്കുന്നു. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ടി പി മോഹന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതിന് പിന്നാലെ ചില പ്രാദേശിക നേതാക്കളും മുന്‍ ജനപ്രതിനിധികളുമടക്കം പാര്‍ട്ടി വിടുമെന്ന് സൂചന. ഇതോടെ ആശങ്കയിലായ ജില്ലയിലെ സിപിഎം നേതൃത്വം കൊഴിഞ്ഞുപോക്ക് പ്രതിരോധിക്കാനുള്ള മറുനീക്കവുമായി രംഗത്ത്.
അണികളെ ചാക്കിട്ടുപിടിക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ സിപിഎം മറുതന്ത്രം ആവിഷ്‌കരിച്ചതോടെ ഇരുപാര്‍ട്ടികളും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നിരിക്കയാണ്. വെട്ടക്കലിലെയും കടക്കരപ്പള്ളിയിലെയും സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് സിപിഐ മുതലാക്കുകയാണ്. ഇതില്‍ പകച്ചുപോയ സിപിഎം തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുന്നതായാണ് വിവരം. സിപിഎമ്മിലെ അസംതൃപ്തരെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള സിപിഐയുടെ നീക്കത്തിന് കടക്കരപ്പള്ളിയില്‍ ഇതേനാണയത്തില്‍ തിരിച്ചടിക്കാന്‍ സിപിഎം രഹസ്യനീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇടഞ്ഞുനില്‍ക്കുന്ന സിപിഐയിലെ ഒരു വിഭാഗത്തെ ഒപ്പം കൂട്ടാനായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും പ്രാദേശിക നേതാക്കളടക്കമുള്ളവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായെന്നും സൂചന.
ഇത്തരത്തില്‍ പാര്‍ട്ടിയിലേക്കെത്തുന്നവരെ സ്വീകരിക്കാന്‍ ഡിസംബര്‍ 15 ന് ശേഷം പ്രത്യേക സമ്മേളനം നടത്താനും ആലോചനയുണ്ട്. കടക്കരപ്പള്ളിയിലെ മുന്‍നിര നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടിയിലേക്ക് വരുമെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്. കണ്ടമംഗലം ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിലെ കൂട്ടത്തോല്‍വി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ബിജെപി, ബിഡിജെഎസ്, കോണ്‍ഗ്രസ് സഖ്യത്തിന് സിപിഐ രഹസ്യ പിന്തുണ നല്‍കിയതാണ് തോല്‍വിക്ക് കാരണമെന്നാണ് ആരോപണം.
ഇതിനിടയില്‍ സിപിഐ വനിതാ നേതാക്കള്‍ക്കെതിരെ സിപിഎം എല്‍സി സെക്രട്ടറിയുടെ മകനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും പോരിന് ആക്കം കൂട്ടി. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ലിസ്റ്റില്‍ കടന്നുകൂടിയ സിപിഐ മണ്ണയില്‍ എല്‍സി സെക്രട്ടറിക്കും സിപിഐ പ്രതിനിധിയായ വാര്‍ഡ് അംഗത്തിനും എതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സ്വന്തമായി സ്ഥലവും വീടും ബാങ്ക് ബാലന്‍സുമുള്ള എല്‍സി സെക്രട്ടറി വാര്‍ഡ് അംഗത്തിന്റെ ഒത്താശയോടെ ലിസ്റ്റില്‍ കയറി പറ്റുകയായിരുന്നത്രേ.
ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്കും ഓംബുഡ്സ്മാനും പരാതി നല്‍കുമെന്നും പോസ്റ്റില്‍ പറയുന്നു. സിപിഐ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെയ്ക്കാത്തതിനെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള പോര് പാര്‍ട്ടി നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്. സി.പി.ഐക്കാരനായ മന്ത്രി പി തിലോത്തമന്റെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുവാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയതും വിവാദമായിരുന്നു.
