ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഇനി ആരാകും മൽസരിക്കുക എന്ന് ഉറ്റുനോക്കുകയാണ് തമിഴകം. തോഴി ശശികല മത്സരിച്ചേക്കും എന്ന അഭ്യൂഹം പുറത്തുവരുമ്പോൾ പാർട്ടിക്കുളളിലും ആർകെ നഗറിലെ വോട്ടർമാക്കുമിടയിൽ രണ്ട് അഭിപ്രായം ഉയരുന്നുണ്ട്.
തലൈവിക്ക് പ്രിയപ്പെട്ടവളാണ് ശശികലയെന്നറിയാം. അതുകൊണ്ടുമാത്രം അവരെ ജനം ഇഷ്ടപ്പെടണമെന്ന് നിർബന്ധമില്ല. ആർകെ നഗറിർ വണ്ണാരപ്പെട്ടേയിലെ പൂക്കാരി അമുദയുടെ അഭിപ്രായമാണിത്. അമ്മയുടെ സന്ദേശവുമായി ആരിറങ്ങിയാലും അവരുടെ ഒപ്പം നിൽകുമെന്ന് പേരഴകി പറയുന്നു.
ശശികല മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുമ്പോൾ ആർകെ നഗറിലെ വോട്ടർമാരുടെ ഇടയില്‍ രണ്ട് അഭിപ്രായമുണ്ട്. മണ്ഡലത്തിൽ മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ 2015 അവർക്ക് മത്സരിക്കാനായി പി വെട്രിവേൽ എംഎൽഎ സ്ഥാനം രാജിവെച്ചു.
ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയലളിത വിജയിച്ചത്. 2016ൽ ഭുരിപക്ഷം നാൽപതിനായിരത്തിനടുത്തായി ചുരുങ്ങി. അടുത്തവർഷം ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സഹതാപ വോട്ടുകൾ എഐഡിഎംകെയ്ക്ക് അനുകൂലമായിരിക്കും. അതേസമയം 1967ൽ മണ്ഡല രൂപീകരണത്തിന് ശേഷം അഞ്ചുതവണ ഇവിടെ ഡിഎംകെ വിജയിച്ചിട്ടുണ്ട്.
