എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാൻ ശ്രമിച്ച നിലയില്‍
കായംകുളം: ഓച്ചിറ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ഓച്ചിറ പ്രീമിയർ ജംഗ്ഷന് സമീപമുള്ള എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാൻ ശ്രമിച്ച നിലയിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒന്പതോടെ മെഷീനിൽ പണം നിറയ്ക്കാൻ കരാറെടുത്ത സ്വകാര്യ ഏജൻസി ജീവനക്കാരാണ് മോഷണശ്രമം കണ്ടെത്തിയത്. ഇവർ ഓച്ചിറ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് പരിശോധനയിൽ മോഷണശ്രമമാണെന്ന് സ്ഥിരീകരിച്ചു. സംഭവം ആലപ്പുഴ ജില്ലയിലായതിനാൽ കേസ് കായംകുളം പൊലീസിന് കൈമാറി. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എ.ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു തുടങ്ങി. നേരത്തെ രാമപുരത്ത് രണ്ടു പ്രാവശ്യം എ.ടി.എം കവർച്ചാശ്രമം നടന്നിരുന്നു.
