തൃശൂര്‍: തൃശൂര്‍ ഗുരുവായൂരില്‍ പട്ടാപ്പകല്‍ ഇന്റര്‍നെറ്റ് കഫേയില്‍ കയറി യുവാവ് ക്യാഷ് കൗണ്ടറില്‍ നിന്നും പണം കവര്‍ന്നു. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ സഹായത്തോടെ പൊലീസ് കള്ളനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.
ഗുരുവായൂര്‍ കിഴക്കേ നടയില്‍ നഗരസഭയുടെ മഞ്ജുളാള്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള ഹരേകൃഷ്ണ ഇന്റര്‍നെറ്റ് കഫേയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. പ്രിന്‍റൌട്ട് എടുക്കാനെന്ന വ്യാജേനയെത്തിയ കള്ളന്‍ കൗണ്ടറില്‍ നിന്നും 2550 രൂപയുമായി കടന്നു കളഞ്ഞു. ജീവനക്കാരനടക്കം നിരവധിപേര്‍ കടയിലുണ്ടായിരുന്നെങ്കിലും വിദഗ്ധമായി പണം കവര്‍ന്ന് യുവാവ് രക്ഷപ്പെടുകയായിരുന്നു.
മോഷണം ആരും കണ്ടില്ലെങ്കിലും കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി. ദൃശ്യങ്ങളുള്‍പ്പെടെ ഉടമ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി. പരിസരത്തെ നിരവധി സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോഷണം നടന്നിരുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് ടെമ്പിള്‍ പൊലീസ്.
