പാലക്കാട്: ലക്കിടിയില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. ലക്കിടി കൂട്ടുപാതയ്ക്കടുത്ത് ശങ്കരനാരായണന്‍റെ വീട്ടിലാണ് കവര്‍ച്ച.

അലമാരയില്‍ സൂക്ഷിച്ച 6 പവന്‍ സ്വര്‍ണം, 7000 രൂപയുടെ വെള്ളി ആഭരണങ്ങള്‍, അയ്യായിരം രൂപ, കൂടാതെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍, എല്‍സിഡി ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടുക്കളയില്‍ നിന്ന് ഗ്രൈന്‍ഡറും , പൂജാമുറിയിലെ നിലവിളക്കുകളും അടക്കമാണ് മോഷണം പോയത്.

ആകെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത്. കുടുംബം കൊച്ചിയിലെ മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. രാത്രി 12 മണി വരെ വീടിന് പുറത്ത് റോഡില്‍ തട്ടുകടകള്‍ പ്രവര്‍ത്തിച്ചിരുന്നു. അയല്‍വക്കത്തെ കുടുംബം പുലര്‍ച്ചെ മൂന്ന് മണിക്ക് ഉണര്‍ന്നിട്ടുമുണ്ട്. അപ്പൊഴൊന്നും അസ്വാഭാവികമായി ഒന്നും ഇവിടെ കണ്ടിട്ടില്ല.
അതിനാല്‍ തന്നെ അഞ്ചിലേറെ പേര്‍ അടങ്ങുന്ന സംഘമാകാം കുറഞ്ഞ സമയത്തിനുള്ളില്‍ മോഷണം നടത്തിയതെന്ന് പൊലീസിന്‍റെ നിഗമനം. വിരലടയാള വിദഗദ്ധരും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന 28ഓളം വിരലടയാളങ്ങള്‍ അന്വേഷണ സംഘത്തിന് ശേഖരിക്കാനായിട്ടുണ്ട്.

ജില്ലയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളും ടോള്‍പ്ലാസകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്‍പി സുനീഷ് കുമാറിന്‍റെയും പട്ടാമ്പി സിഐ പിഎസ് സുരേഷിന്‍റെയും ഒറ്റപ്പാലം എസ്ഐ ആദംഖാന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.