ദില്ലി: റോബർട്ട് വാധ്ര ഹരിയാനയിലെ ഗുഡ്ഗാവിൽ നടത്തിയ ഭൂമി ഇടപാടിലൂടെ 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തി. പ്രിയങ്കാഗാന്ധി ഫരീദാബാദിൽ ഭൂമി വാങ്ങിയതും കമ്മീഷൻ പരിശോധിച്ചു. റോബർട്ട് വാധ്രയുടെ കമ്പനിയിൽ നിന്ന് ഒരു രൂപയും വാങ്ങിയില്ലെന്നും ഭൂമി ഇടപാട് സ്വന്തം പണമുപയോഗിച്ചാണെന്നും പ്രിയങ്ക വിശദീകരിച്ചു.
ഹരിയാനയിലെ ഭൂമി ഇടപാട് വീണ്ടും കോൺഗ്രസിനെ നിയന്ത്രിക്കുന്ന കുടുംബത്തിന് തിരിച്ചടിയാകുന്നത്. 2008ൽ ഹരിയാനയിലെ ഗുഡ്ഗാവൽ റോബർട്ട് വാധ്ര വാങ്ങിയ ശേഷം ഡിഎൽഎഫിന് മറിച്ചു വിറ്റ ഭൂമിയെക്കുറിച്ച് ജസ്റ്റിസ് എസ്എൻ ധിംഗ്ര കമ്മീഷൻ അന്വേഷിച്ചത്. കൃഷിഭൂമി വാങ്ങിയ ശേഷം വാണിജ്യ ഉപയോഗത്തിന് ലൈസൻസ് കിട്ടാൻ പലരും വഴിവിട്ട് സഹായിച്ചെന്നും ചട്ടങ്ങളിൽ ഇളവു നല്കിയെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി.
ഒരു രൂപ പോലും മുടക്കാതെ വാധ്ര 50 കോടി രൂപയുണ്ടാക്കി എന്ന റിപ്പോർട്ട് കമ്മീഷൻ സീൽ ചെയ്ത കവറിൽ സുപ്രീം കോടതിക്ക് കൈമാറിയതായി ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പത്രം റിപ്പോർട്ട് നല്കുന്നത് തടയാൻ ഇന്നലെ മുൻഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഹൈക്കോടതിയിൽ ഹർജി നല്കിയെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. പ്രിയങ്കാ ഗാന്ധി ദില്ലിക്കടുത്ത് ഫരീദാബാദിൽ അഞ്ചേക്കർ സ്ഥലം 15 ലക്ഷത്തിന് വാങ്ങിയ നാലു വർഷത്തിനുള്ളിൽ 80 ലക്ഷം രൂപയ്ക്ക് വിറ്റതും കമ്മീഷൻ പരിശോധിച്ചു.
റോബർട്ട് വാധ്രയുമായോ ഡിഎൽഎഫുമായോ ഈ ഇടപാടിന് ബന്ധമില്ലെന്ന് പ്രിയങ്കയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ദിരാഗാന്ധി കൈമാറിയ സ്വത്തിൽ നിന്നുള്ള വാടക ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്ന് പ്രിയങ്ക പറയുന്നു. ഭൂമി ഇടപാടിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വതന്ത്ര ഏജൻസി കൂടുതൽ അന്വേഷണം നടത്തണം എന്നാണ് ജസ്റ്റിസ് ധിംഗ്രയുടെ ശുപാർശ.
പ്രിയങ്കാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരണം എന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുമ്പോഴാണ് വാധ്രയുടെയും പ്രിയങ്കയുടെയും ഭൂമി ഇടപാടുകൾ വീണ്ടും വാർത്തയാകുന്നത്.
