ദില്ലി : റോഹിങ്ക്യകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ . പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ, ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

ജമ്മു, ദില്ലി, ഹൈദരാബാദ്, മേവത് തുടങ്ങിയ സ്ഥലങ്ങളിലാണ് തീവ്രവാദ ബന്ധമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മ്യാന്മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്ത് തങ്ങുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രിംകോടതി അടുത്ത മാസം മൂന്നിലേയ്ക്ക് മാറ്റിവെച്ചു.

ഇന്ത്യയിലുള്ള രോഹിങ്ക്യകളെ തിരികെ മ്യാന്മറിലേക്ക് തിരിച്ചയക്കരുതെന്നും, അവരുടെ ജീവനും സ്വാതന്ത്യവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷക്കീറുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇവരെ തിരിച്ചയക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, അതിനാല്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിഷയത്തില്‍ കേന്ദ്രം നിലപാട് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജു രാവിലെ പറഞ്ഞു. ഇത് വളരെ സെന്‍സിറ്റീവായ വിഷയമാണ്. മനുഷ്യാവകാശ സംഘടനകള്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. രാജ്യസുരക്ഷ സംരക്ഷിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റിന്‍റെ പ്രധാന കടമയെന്നും കിരണ്‍ റിജ്ജിജു പറഞ്ഞു.