ചെക്ക് മടങ്ങിയത് സാങ്കേതിക പിഴവ് മാത്രമാണെന്ന് ലീഗ് വിശദീകരിക്കുന്നു.

രോഹിത് വെമുലയുടെ കുടുംബത്തെ സഹായധനം നല്‍‍കാതെ വഞ്ചിച്ചെന്ന പ്രചരണം നിഷേധിച്ച് മുസ്ലീംലീഗ്. വീട് വാങ്ങാൻ അഡ്വാൻസ് നൽകിയ ചെക്ക് മടങ്ങിയത് സാങ്കേതിക പിഴവ് മാത്രമാണെന്ന് ലീഗ് വിശദീകരിക്കുന്നു. ആരോപണങ്ങൾ രോഹിത് വെമുലയുടെ സഹോദരൻ രാജ വെമുലയും നിഷേധിച്ചു.

രോഹിത് വെമുലയുടെ കുടുംബത്തിന് വീട് വയ്ക്കാൻ മുസ്ലീം ലീഗ് 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രണ്ട് വർഷം കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്നായിരുന്നു പ്രചരണം. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. സഹായധനം വാഗ്ദാനം ചെയ്ത് നിരവധി രാഷ്ട്രീയ ചടങ്ങുകളിൽ പങ്കെടുപ്പിച്ചെന്നും രാഷ്ട്രീയനേട്ടത്തിനായി മുസ്ലീം ലീഗ് ഉപയോഗിക്കുകയായിരുന്നെന്നും രാധിക വെമുല പറഞ്ഞതായി വാർത്തയിലുണ്ടായിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി ലീഗ് രംഗത്തെത്തിയത്.

അതേസമയം, ലീഗ് വാക്ക് മാറ്റിയിട്ടില്ലെന്ന് രോഹിത് വെമുലയുടെ സഹോദരൻ രാജ വെമുല ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ചിലർ ലീഗിനെതിരെ പ്രചരണം നടത്തിയെന്നും രാജ വെമുല പറയുന്നു.