ഹൈദ്രബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യചെയ്യാനിടയായ സഹാചര്യത്തെക്കുറിച്ച് അലഹമാബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എ കെ രൂപന്‍വാളാണ് അന്വേഷിച്ചത്. രോഹിത് വെമുല വഡേര സമുദായാംഗമാണ്. ഈ സമുദായം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മറ്റുപിന്നോക്കവിഭാഗത്തില്‍പ്പെടുന്ന സമുദായമാണ് വഡേരയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലാണ് രോഹിത് വെമുല ആത്മഹത്യചെയ്തത്. വിദ്യാര്‍!ത്ഥിയുടെ ആത്മഹത്യ ദളിത് പിഡനമാണെന്നാരോപിച്ച് രാജ്യവ്യാപകപ്രക്ഷോഭം നടന്നു. ദളിത് പിഡനത്തിന് കേന്ദ്രമന്ത്രി ദന്താരു ദത്താത്രയ കേന്ദ്രസര്‍വ്വകലാശാല സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവു എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ് തവര്‍ചന്ദ് ഗെലോട്ട് എന്നിവര്‍ അന്ന് പറഞ്ഞതും വലിയ വിവാദമായിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രോഹിത് വെമുലയുടെ സഹോദരന്‍ രാജ നിഷേധിച്ചു. രോഹിത് വെമുല ദളിതനായിട്ടാണ് ജീവിച്ചതെന്നും അതിനാലാണ് അദ്ദേഹത്തിന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്നും രാജ പറഞ്ഞു.

രോഹിത് വെമുല ദളിതനാണെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രപട്ടികജാതിപട്ടികവര്‍ഗകമ്മിഷന്‍ അധ്യക്ഷന്‍ പിഎല്‍ പുനിയ അറിയിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടാണ് അന്തിമമെന്നും മറ്റ് വിലയിരുത്തലുകള്‍ക്ക് പ്രസക്തിയില്ലെന്നും പുനിയ പറഞ്ഞു. 

ജുഡീഷ്യല്‍ കമ്മിഷന്‍ യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മാവനവിഭഗശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു.