1989-90 സീസണിൽ 38 ഗോളുകൾ ഒറ്റ ടച്ചിലൂടെ നേടി സാഞ്ചസ്. ഇന്നും തകരാതിരിക്കുന്ന റെക്കോഡ്.

മോസ്ക്കോ; റൊമേലു ലുക്കാക്കുവും റയൽ മാഡ്രിഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഹ്യൂഗോ സാഞ്ചേസും തമ്മിലെന്താണ് ബന്ധം?. ഈ ലോകകപ്പിൽ ലുക്കാക്കുവിന്‍റെ ഗോളുകൾക്ക് പിന്നിൽ സാഞ്ചസ് ടച്ചുണ്ട്.

ഹ്യൂഗോ സാഞ്ചസ് മെക്സിക്കോ കണ്ട ഏറ്റവും മികച്ച ഫുട്ബോളറാണ്. പ്രതിഭ ധാരാളിത്തമുണ്ടായിരുന്ന റയൽ മാഡ്രിഡ് നിരയിൽ ഇതിഹാസങ്ങൾക്കൊപ്പം ചേർത്തുവയ്ക്കുന്ന പേര്. വൺ ടച്ച് ഗോളുകളുടെ തലതൊട്ടപ്പനായിരുന്നു സാഞ്ചേസ്. 1989-90 സീസണിൽ 38 ഗോളുകൾ ഒറ്റ ടച്ചിലൂടെ നേടി സാഞ്ചസ്. ഇന്നും തകരാതിരിക്കുന്ന റെക്കോഡ്.

ബെൽജിയം പരിശീലകനായ ശേഷം റോബർട്ടോ മാർട്ടിനസ് റൊമേലു ലുക്കാക്കുവിന് ആദ്യം നൽകിയത് സാഞ്ചേസ് ഗോളുകളുടെ വീഡിയോ ക്ലിപ്പാണ്. പന്തിനെ വരുതിയിലാക്കാൻ കാത്തിരിക്കാതെ ഗോളിലേക്ക് പായിക്കാനുളള 38 സാഞ്ചേസ് അടവുകൾ. ലുക്കാക്കു സാഞ്ചേസിനെ പകർത്തിയതിന് ഈ ലോകകപ്പിലെ മൂന്ന് ഗോളുകൾ തെളിവ് തരും.

മാർട്ടിനസ് മാത്രമല്ല, സഹപരിശീലകൻ തിയറി ഹെന്‍ട്രിക്കും ലുക്കാക്കുവിനെ വൺ ടച്ചുകളുടെ ആശാനാക്കിയതിൽ പ്രധാന പങ്കുണ്ട്. ഒരു കാലത്ത് ഒൻറിയുടെ കളി കാണാൻ കൊതിച്ചിരുന്നു ലുക്കാക്കു. ഇന്ന് അതേ ഒൻറി ലുക്കാക്കുവിനെ കളി പഠിപ്പിക്കുന്നു. ലുക്കാക്കുവിൽ നിന്ന് റഷ്യ കൂടുതൽ വൺ ടച്ച് വിസ്മയങ്ങൾ കാത്തിരിക്കുന്നു.