ഒമ്പത് വര്‍ഷത്തിന് ശേഷമാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നത്

മാഡ്രിഡ്: എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷങ്ങളാണ് റയല്‍ മാഡ്രിഡിനൊപ്പവും ഈ നഗരത്തിലും ചിലവഴിച്ചതെന്ന വികാര നിര്‍ഭരമായ കുറിപ്പോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബിന്, തന്‍റെ കൂടുമാറ്റത്തിനുള്ള കത്ത് നല്‍കിയത്. പിന്നീട് ഓരോ വാക്കിലും റയലിനോടുള്ള സ്നേഹവും കരുതലുമെല്ലാം നിറ‌യുന്ന കത്തില്‍ മാഡ്രിഡില്‍ നിന്ന് വിടവാങ്ങാന്‍ കൊതിക്കാത്ത ഒരു മനസായിരുന്നു താരത്തിനെന്ന് തെളിയിക്കുകയാണ്.

സ്പാനിഷില്‍ നല്‍കിയ കത്തിന്‍റെ പരിഭാഷ

എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷങ്ങളാണ് റയല്‍ മാഡ്രിഡിലും ഈ നഗരത്തിലുമായി ചെലവഴിച്ചത്. ക്ലബ്ബിനോട് ഒരിക്കലും വറ്റാത്ത നന്ദി മാത്രമാണ് എന്‍റെ മനസിലുള്ളത്. എനിക്ക് നല്‍കിയ സ്നേഹത്തിനും കരുതലിനും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

എന്‍റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ സമയമായെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണ് എന്‍റെ ട്രാന്‍സ്ഫര്‍ അംഗീകരിക്കാന്‍ ക്ലബ്ബിനോട് ആവശ്യപ്പെട്ടത്. എന്നെ മനസിലാക്കുക എന്നത് മാത്രമാണ് ക്ലബ്ബിനെയും എന്നെയും പിന്തുടരുന്ന എല്ലാവരോടും പറയാനുള്ളത്.

ഏറ്റവും മനോഹരമായ ഒമ്പത് വര്‍ഷങ്ങളാണ് കഴിഞ്ഞ് പോയത്. ഓരോന്നിനും അതിന്‍റേതായ പ്രത്യേകയുള്ള ഒമ്പത് വര്‍ഷങ്ങള്‍... എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും വളരെ സങ്കീര്‍ണമായ നിമിഷങ്ങളായിരുന്നു റയല്‍ മാഡ്രിഡില്‍ ആയിരിക്കുകയെന്നത്. കാരണം, ക്ലബിന്‍റെ പ്രൗഡി തന്നെ.

എന്നെ മനസിലാക്കുക എന്നത് മാത്രമാണ് ക്ലബ്ബിനെയും എന്നെയും പിന്തുടരുന്ന എല്ലാവരോടും പറയാനുള്ളത്.

മറ്റെവിടെയും സാധിക്കാത്തത് പോലെ ഫുട്ബോള്‍ ആസ്വദിക്കാന്‍ എനിക്ക് ഇവിടെ സാധിച്ചു. ഏറ്റവും മികച്ച സഹതാരങ്ങളെയാണ് എനിക്ക് കളത്തിലും ഡ്രെസിംഗ് റൂമിലും ലഭിച്ചത്. അവിശ്വസനീയമായ ആരാധക്കൂട്ടത്തിന്‍റെ നടുവില്‍ കളിക്കാനായത് മറക്കാനുമാകില്ല.

അഞ്ചു വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി മൂന്ന് തവണ അടക്കം നാലു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ നമുക്ക് സാധിച്ചു. എല്ലാവരോടും ചേര്‍ന്ന് മുന്നേറുമ്പോള്‍ തന്നെ നാലു ഗോള്‍ഡന്‍ ബോള്‍, മൂന്ന് ഡോള്‍ഡന്‍ ബൂട്ട് എന്നിങ്ങനെ വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കാനായി.

എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ഹൃദയം കവരാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞു. എല്ലാത്തിനും ഉപരിയായി ഇതിനാണ് എനിക്ക് നന്ദി പറയാനുള്ളത്. ക്ലബ്ബിനും, ക്ലബ് പ്രസിഡന്‍റിനും സഹതാരങ്ങള്‍ക്കും ഡയറക്ടര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ക്ഷീണമില്ലാതെ ജോലി ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു.

സ്പാനിഷ് ഫുട്ബോളിനും ആരാധകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഈ ഒമ്പത് വര്‍ഷക്കാലം എനിക്ക് മുന്നില്‍ ഒരുപാട് മികച്ച താരങ്ങളുണ്ടായിരുന്നു. അവര്‍ക്കെല്ലാം എന്‍റെ ബഹുമാനവും ആദരവും നല്‍കുന്നു.

ജീവിതത്തിലെ ഒരു പുതിയ കാലചക്രത്തിന് സമയമായി. ഈ ജേഴ്സിയും ക്ലബ്ബും സാന്‍റിയാഗോ ബെർണബ്യൂവും വിടുകയാണ്. പക്ഷേ, ഞാന്‍ എവിടെയായാലും ഇതെല്ലാം എന്‍റെയാണെന്നുള്ള വികാരമാണ് എനിക്കുള്ളത്. എല്ലാവര്‍ക്കും നന്ദി... ഒമ്പത് വര്‍ഷത്തിന് മുമ്പ് പറഞ്ഞ് പോലെ തന്നെ... ഹലാ മാഡ്രിഡ്...