മനുഷ്യാവകാശ പ്രവർത്തകരെ കള്ളത്തെളിവുകളുണ്ടാക്കി കുടുക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം

കൊല്ലം: പ്രധാനമന്ത്രിയ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റോണാ വില്‍സണ്‍ നിരപരാധിയാണെന്ന് ബന്ധുക്കള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരെ കള്ളത്തെളിവുണ്ടാക്കി അറസ്റ്റ് ചെയ്യുക എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നയമാണെന്ന് അച്ഛൻ വില്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും കുടുംബം പ്രതികരിച്ചു.

രാജീവ് ഗാന്ധിയെ തമിഴ് പുലികൾ വധിച്ചതു പോലെ റോഡ് ഷോയ്ക്കിടെ മോദിയെ വധിക്കണം എന്നൊരു ഇമെയില്‍ സന്ദേശം റോണോ വില്‍സന്റെ ലാപ്പ്ടോപ്പില്‍ നിന്നും ലഭിച്ചെന്നാണ് പുനെ പൊലിസിന്‍റെ കണ്ടെത്തല്‍. കൊല്ലം നീണ്ടകര സ്വദേശിയായ റോണോ വില്‍സണെ കൂടാതെ മറ്റ് ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മകൻ ഉള്‍പ്പടെയുള്ളവരെ മോദി സര്‍ക്കാര്‍ കുടുക്കിയതാണെന്നാണ് റോണായുടെ അച്ഛൻ ജേക്കബ് വില്‍സന്‍റെ ആരോപണം.

മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം. കേസിന്‍റെ കാര്യങ്ങളും മറ്റും നോക്കാൻ വില്‍സന്‍റെ മൂത്ത ജേഷ്ഠൻ റോയി പൂനെയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മാമോദിസാ ചടങ്ങില്‍ പങ്കെടുക്കാൻ റോണാ കൊല്ലത്തെ ഈ വീട്ടിലെത്തിയിരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജിലാണ് റോണാ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ജെഎൻയുവില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. 

പിന്നീട് ദില്ലിയില്‍ സ്ഥിരതാമസമാക്കി റോണാ വര്‍ഷത്തില്‍ നാലഞ്ച് തവണ നാട്ടില്‍ വരാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. നീണ്ടകരയിലെ ആലുമൂട് വീട്ടില് അച്ഛൻ വില്‍സണെക്കൂടാതെ അമ്മ മേര്‍ളി സഹോദരി ലവ്‍ലി എന്നിവരാണ് താമസം. കേന്ദ്ര ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെയും കേരള പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ് ഈ വീട് ഇപ്പോഴുള്ളത്.