ബംഗളൂരു: ഭാര്യയുമായുളള വഴക്ക് മൂലം കുപ്രസിദ്ധ ഗുണ്ട ആത്മഹത്യ ചെയ്തു. ബംഗളൂരിലെ ശ്രീരാമപുരം സ്വദേശി അരവിന്ദ്(34) ആണ് ഭാര്യയുമായി വഴക്കിട്ടതിന് ജീവനൊടുക്കിയത്​. ദിവസകൂലിക്ക് ജോലി ചെയ്തുവന്ന അരവിന്ദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിക്ക് പോകുന്നില്ലായിരുന്നു.

മദ്യപിച്ച് ബോധമില്ലാതെയാണ് അരവിന്ദ് ദിവസവും വീട്ടില്‍ എത്തുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ അരവിന്ദ് ഭാര്യയുമായി വാക്ക്തര്‍ക്കത്തിലായി. കുടിനിർത്തിയില്ലെങ്കിൽ താൻ രക്ഷിതാക്കളുടെ വീട്ടിലേക്ക്​ പോകുമെന്ന്​ ഭാര്യ അരവിന്ദിനെ ഭീഷണിപ്പെടുത്തിയെന്ന്​ പൊലീസ്​ പറയുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് അരവിന്ദ് അടുക്കളയിലെത്തി കത്തിയെടുത്ത് സ്വയം കുത്തിയത്. അരവിന്ദിനെ കെസി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കെലും ജീവന്‍ രക്ഷിക്കാനായില്ല. നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരവിന്ദെന്ന്​ പൊലീസ്​ പറയുന്നു.