ബംഗലൂരു: കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഡി നൂറ് കോടി രൂപ കള്ളപ്പണം വെളുപ്പിച്ച് എന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത രമേശ് ഗൗഡയെ പലരും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി മഹാദേവമ്മ. റെഡ്ഡിയെ സഹായിച്ച സർക്കാർ ഉദ്യോഗസ്ഥൻ ഭീമനായിക് ഭീഷണിപ്പെടുത്തുന്നതായി രമേശ് പറഞ്ഞിരുന്നുവെന്നും മഹാദേവമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഡി നൂറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് ബംഗളുരു സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസർ ഭീമ നായികിന്‍റെ ഡ്രൈവർ രമേശ് ഗൗഡ ആത്മഹത്യ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതിന് ഭീമനായികിന് ഇരുപത് ശതമാനം കമ്മീഷൻ ലഭിച്ചിരുന്നുവെന്നും രമേശ് ഗൗഡ ആത്മഹത്യ കുറിപ്പിലെഴുതിയിരുന്നു.. ഭീമനായികിന്‍റെ മാനസിക പീഡനം കാരണമാണ് രമേശ് ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് രമേശിന്റെ സഹോദരി മഹാദേവമ്മ ആരോപിക്കുന്നത്..

രമേശിനെ അപായപ്പെടുത്താൻ ഭീമനായിക് നിരവധി തവണ റൗഡികളെ അയച്ചിരുന്നുവെന്നും മഹാദേവമ്മ ആരോപിക്കുന്നു. ഭീമ നായികിന്‍റെ രഹസ്യങ്ങൾ അറിയുന്നതിനാൽ തന്‍റെ ജീവൻ അപകടത്തിലാണെന്ന് പലപ്പോഴും രമേശ് പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.