ദില്ലി: നോട്ട് അസാധുവാക്കിയതിന് ശേഷം 12.44 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍ മടങ്ങിയെത്തിയതായി ആര്‍ബിഐ അറിയിച്ചു. നോട്ട് അസാധുവാക്കിയതിന് ശേഷം ഇന്നലെ വരെ 12.44 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ മടങ്ങിയെത്തിയതായി ആര്‍ബിഐ അറിയിച്ചു. പതിമൂന്നരലക്ഷംകോടി മടങ്ങിയെത്തിയെന്ന് ഇന്നലെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആളുകള്‍ പണം കയ്യില്‍ വയ്ക്കരുതെന്നും ഇടപാടുകള്‍ക്കായി ഉപയോഗിക്കണമെന്നും ആര്‍ബിഐ അറിയിച്ചു.

സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളെ അറിയിച്ചു. നോട്ട് അസാധുവാക്കിയശേഷം സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും യുഡിഎഫ് നേതാക്കള്‍ കണ്ടത്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ യുഡിഎഫ് നേതാക്കള്‍ ദില്ലിയില്‍ ധര്‍ണ്ണയും നടത്തും.