അഹമ്മദാബാദ്: 13,860 കോടിയുടെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തിയ ഗുജറാത്തിലെ വ്യവസായി മഹേഷ് ഷായ്ക്ക് മൂന്ന് വർഷത്തെ ജയില്‍ശിക്ഷ ലഭിച്ചേക്കും. വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം വെളുപ്പെടുത്തിയ പണത്തിന് രേഖകള്‍ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മഹേഷ് ഷാ വെളിപ്പെടുത്തിയ തുകയത്രയും കള്ളപ്പണമായി പ്രഖ്യാപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കിയ കുറ്റത്തിനാണ് മൂന്ന് വർഷത്തെ തടവ് ലഭിക്കാൻ സാധ്യതയെന്നാണ് നികുതി വകുപ്പ് വ്യക്തമാക്കുന്നത്. വരുമാനം വെളിപ്പെടുത്തുന്നയാള്‍ അത് തന്റേതാണെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. അത് സാധിക്കാതെ വന്നാല്‍ തെറ്റിദ്ധരിപ്പിച്ചതിന്റെയും തെറ്റായ രേഖകള്‍ ഹാജരാക്കിയതിന്റെയും പേരില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും നികുതി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരമാണ് മഹേഷ് ഷാ 13,860 കോടിയുടെ നിക്ഷേപം വെളിപ്പെടുത്തിയത്. പദ്ധതി അവസാനിക്കുന്ന സെപ്റ്റംബർ മുപ്പതിന് ആദായത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മഹേഷ് ഷായോട് 950 കോടിയുടെ നികുതി അടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദ്ദേശിച്ചിരുന്നു. അത് സാധിക്കാതെ വന്നതോടെ 13,860 കോടിയുടെ സമ്പാദ്യം കള്ളപ്പണമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടർന്ന് മഹേഷ് ഷായുടെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

പണം രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ആണെന്നായിരുന്നു മഹേഷ് ഷാ വ്യക്തമാക്കിയത്. അതേസമയം, കള്ളപ്പണത്തിന്റെ യഥാർഥ ഉടമസ്ഥരുടെ പേരുകൾ അക്കമിട്ടു പറയുമെന്നു കുറ്റസമ്മതം നടത്തിയ മഹേഷ് ഷാ കൂടുതൽ വെളിപ്പെടുത്തലിനു രണ്ടു മൂന്നു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ചോദ്യംചെയ്യൽ തൽക്കാലം മുടങ്ങി. ചോദ്യംചെയ്യലിൽനിന്നു വീണുകിട്ടിയ ചില പേരുകളെപ്പറ്റി ഷാ തുടർന്നു വെളിപ്പെടുത്തുന്നതിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥർ നൽകുന്ന സൂചന.

കള്ളപ്പണത്തിന്റെ ഉടമസ്ഥരെ സംബന്ധിച്ച കാര്യങ്ങളെല്ലാം ഒറ്റയടിക്ക് ഓർമയിൽനിന്നു പറയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഷാ ചോദ്യംചെയ്യലിൽ ഉടനീളമെടുത്ത നിലപാട്. ഇക്കാര്യങ്ങളെല്ലാം ഒരു ഡയറിയിൽ കുറിച്ചുവച്ചിരിക്കുകയാണെന്നും എന്നാലത് മുംബൈയിലെ വീട്ടിലാണെന്നും ഷാ വ്യക്തമാക്കി. അങ്ങനെ ഒരു ഡയറിയുണ്ടോ എന്ന കാര്യത്തിലും ദുരൂഹതയുണ്ട്. വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽനിന്നും മറ്റും ലഭിച്ച പേരുകളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അതെല്ലാം മറ്റാളുകളാണെന്നും ഇതുമായി ബന്ധമില്ലെന്നുമുള്ള മറുപടികളാണ് നൽകിയത്. ഷായുടെ ചില ഇ മെയിലുകളിൽ പല പേരുകളും പരാമർശിക്കപ്പെടുന്നുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ തനിക്കു കംപ്യൂട്ടർ അറിയില്ലെന്നു കൈമലർത്തി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.