കൊച്ചി: വ്യാജ കയറ്റുമതിയുടെ മറവിൽ ബൾഗേറിയയിൽ നിന്ന് കൊച്ചിയിലേക്ക് 55 കോടി രൂപ എത്തിയ സംഭവത്തിൽ അന്വേഷണം മുംബൈയിലേക്ക്. മുംബൈ തുറമുഖം വഴി കയറ്റുമതി നടത്തിയെന്ന് കാണിച്ച് ഇടപാടുകാരനായ ജോസ് ജോർജ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. മുംബൈ കസ്റ്റംസിന്‍റെ സീൽ അടക്കമുളള രേഖകളുടെ നിജസ്ഥിതി തേടിയാണ് കൊച്ചി  പൊലീസ് മുംബൈയിലേക്ക് പോകുന്നത്.

വ്യാജ കയറ്റുമതിയുടെ മറവിൽ 55 കോടി രൂപയുടെ കളളപ്പണം വെളുപ്പിക്കാനുളള ശ്രമമെന്നാണ്  നടന്നതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. ബൾഗേറിയയിലെ സ്വസ്താ ഡി എന്ന കന്പനിക്ക് മുംബൈ തുറമുഖം വഴി 55 കോടി രൂപയുടെ സസ്യ എണ്ണയും പ‌ഞ്ചസാരയും കയറ്റുമതി ചെയ്തെന്നാണ് കൊച്ചിയിലെ ട്രേഡ് ഇന്‍റര്‍നാഷണല്‍ ഉടമ  ജോസ് ജോർജ് ബാങ്ക് അധികൃതരേയും എൻഫോഴ്സ്മെന്‍റിനേയും അറിയിച്ചിരുന്നത്. 

എന്നാൽ ഇത്തരമൊരു ഇടുവരി നടന്നിട്ടെല്ലന്ന് അന്വേഷണത്തിൽ വ്യക്തമായി. കയറ്റുമതി നടത്തിയത് സംബന്ധിച്ച് ജോസ് ജോർജ് സമർപ്പിച്ച രേഖകളിൽ മുംബൈ കസ്റ്റംസിന്‍റെ സീലുമുണ്ട്. ഇത് വ്യാജ സീലാണോ അതോ വ്യാജ രേഖയുണ്ടാക്കാൻ മുംബൈ കസ്റ്റംസില്‍ ആരെങ്കിലും വഴി വിട്ട് സഹായിച്ചോ എന്നാണ് അന്വേഷിക്കുന്നത്. 

ഇതിന്‍റെ നിജ സ്ഥിതി തേടിയാണ് കൊച്ചി പൊലീസ് മുംബൈയ്ക്ക് പോകുന്നത്. എന്നാൽ  താൻ വ്യാജ രേഖയുണ്ടാക്കിയിട്ടില്ലെന്നും ബൾഗേറിയയിൽ നിന്ന് മുൻകൂർ‍ പണം കിട്ടിയെന്നുമാണ് ജോസ് ജോർജിന്‍റെ വാദം.