അഹമ്മദാബാദ്: ഗുജറാത്തിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി മൂന്നംഗ അക്രമിസംഘം തൊണ്ണൂറുലക്ഷം രൂപ കവര്‍ന്നു. അതേസമയം മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്ന് മുപ്പത് കിലോ സ്വര്‍ണവും മോഷണംപോയി.  ഇരു കേസുകളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ദൊറാജിയില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖാ ഓഫീസ് രാവിലെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് മൂന്നംഗ അക്രമി സംഘം അതിക്രമിച്ചുകയറിയത്. ചെറുത്തുനില്‍ക്കാന്‍ ജീവനക്കാര്‍ ആദ്യം ശ്രമിച്ചെങ്കിലും അക്രമിക്കുമെന്നുറപ്പായതോടെ മോഷണംഘത്തിന് അവര്‍  കീഴ്‌പ്പെട്ടു. ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണം ഇവര്‍ കൈക്കലാക്കി.  ബാഗില്‍ പണം നിറച്ചശേഷം അക്രമിസംഘം തിരികെപോകുന്നത് സ്ഥാപത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. അതേസമയംതന്നെ മഹാരാഷ്ട്ര താനെ ജില്ലയില്‍ ഉല്ലാസ്‌നഗറിലെ മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്ന് 30 കിലോ സ്വര്‍ണം മോഷണംപോയി. ഓഫീസിന്റെ ചുമരുതുരന്ന് അകത്തുകയറിയാണ് മോഷ്ടാക്കള്‍ ഒന്‍പത് കോടിയോളം വിലവരുന്ന സ്വര്‍ണം കവര്‍ന്നത്.

രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണംവിവരം അറിയുന്നത്. പൊലീസിനൊപ്പം ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദ പരിശോധനനടത്തി. സംഭവ ശേഷം കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെ കാണാതായിട്ടുണ്ട്. ഇയാളും മോഷണത്തില്‍ പങ്കാളിയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.