നാഗ്പൂര്‍: കേരളത്തിലും ബംഗാളിലും ജിഹാദികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന് വളം നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങള്‍ ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ അതിന് പിന്തുണ നല്‍കുന്നില്ല. വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് ഇത്തരം സമീപനം സര്‍ക്കാര്‍ എടുക്കുന്നത്. കേരളത്തില്‍ നടന്ന ലൗ ജിഹാദ് കേസുകള്‍, ഐ.എസ് ബന്ധം എന്നിവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റോഹിങ്ക്യര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ദു:ഖമുണ്ട്. എന്നാല്‍ ഗോസംരക്ഷണം അത്യാവശ്യമാണ്. മുസ്ലിംകള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ഗോസംരക്ഷണത്തിന് മുന്നോട്ട് വരുന്നതായി കാണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നതോടൊപ്പം രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യം വളരുകയാണെന്നും സര്‍ക്കാറിന്റെ നയങ്ങള്‍ അത് അതിവേഗത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.