Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ കൊലപാതകങ്ങള്‍ ആത്മരക്ഷാര്‍ത്ഥമെന്ന വാദവുമായി ആര്‍.എസ്.എസ്

RSS claims that murders are for self defence
Author
Kannur, First Published Oct 14, 2016, 4:51 PM IST

സി.പി.എം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതകത്തെത്തുടര്‍ന്ന് അക്രമിക്കപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുള്ള പൊലീസ് നിരോധനം ലംഘിച്ച് ആര്‍.എസ്.എസ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചു. ഇതിന് ശേഷമായിരുന്നു തങ്ങളുള്‍പ്പെടുന്ന കൊലപാതകങ്ങള്‍ ആത്മരക്ഷാര്‍ത്ഥമാണെന്ന ആര്‍.എസ്.എസ് നേതാക്കളുടെ വാദം. പയ്യന്നൂരിലും പിണറായിയലും സമീപ കാലത്തെ കൊലകള്‍ക്കെല്ലാം തുടക്കമിട്ടത് ആര്‍.എസ്.എസ് ആണെന്ന സി.പി.എം ആരോപണത്തോടായിരുന്നു കൊല്ലാന്‍ വരുമ്പോള്‍ നിന്നുകൊടുക്കില്ലെന്ന മറുപടി ആര്‍.എസ്.എസ് ഉയര്‍ത്തുന്നത്.

സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടരി മോഹനനെ കൊലപ്പെടുത്താന്‍ ആളെയും വഴിയും കാട്ടിക്കൊടുത്തുവെന്ന് കണ്ടെത്തി പൊലീസ് ഇന്നലെ പിടികൂടി രൂപേഷ് രാജ്, രാഹുല്‍ എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. എഫ്.ഐ.ആറിലും ഇവരുടെ പേരുണ്ട്. കണ്ണൂരിലെ ആര്‍.എസ്.എസ് കാര്യാലത്തിന് സമീപത്ത് നിന്നായിരുന്നു ഇവരെ ഇന്നലെ പിടികൂടിയത്.  അതേസമയം കണ്ണൂരിലെ ആക്രമസംഭവങ്ങളില്‍ സി.പി.എമ്മിനെ കൂടി പരോക്ഷമായി വിമര്‍ശിച്ചാണ് സി.പി.ഐ മുഖപത്രമായ ജനയുത്തിലെ മുഖപ്രസംഗം. ആര്‍.എസ്.എസിന്റെ അക്രമങ്ങള്‍ക്ക് തിരിച്ചടി കൊടുക്കുന്നത് ഇന്നൊരു രാഷ്‌ട്രീയ ദൗത്യമല്ലെന്നാണ് ജനയുഗം പറയുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള തന്ത്രങ്ങളില്‍ കുടുങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ കണ്ണൂരില്‍ പട്ടാള നിയന്ത്രണം വേണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ സ്വാഗതം ചെയ്ത കോണ്‍ദ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടാണെന്നും ആരോപിച്ചു.

ഇന്നലെ നടന്ന ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നലെയുണ്ടായ  അക്രമങ്ങളില്‍ ബി.ജെ.പി ഇന്ന് മാപ്പ് പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഏതെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അതിര് വിട്ട പ്രവര്‍ത്തിയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വി. മുരളീധരന്‍ പാലക്കാട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios