തിരുവനന്തപുരം: മീസിൽസ് റുബെല്ലാ പ്രതിരോധ വാക്സിൻ യജ്ഞത്തിന്‍റെ കാലാവധി മലപ്പുറം അടക്കം പതിനൊന്ന് ജില്ലകളിൽ ഈ മാസം 25 വരെ നീട്ടി. ഈ ജില്ലകളിൽ പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാനാകാത്തതാണ് കാരണം. ഇതു മൂന്നാം തവണയാണ് റുബെല്ല വാക്സിനേഷൻ യജ്ഞത്തിന്‍റെ കാവാവധി നീട്ടുന്നത്. പ്രതിരോധ പരിപാടിയുടെ കാലവധി ഇന്ന് തീരാനിരിക്കെയാണ് 11 ജില്ലകളിൽ വീണ്ടും നീട്ടിയത്.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് പ്രതീക്ഷിച്ച നേട്ടം ഉണ്ടായത്. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രചരണം നടത്തിയിട്ടും മലപ്പുറം ജില്ലയില്‍ വാക്‌സിന്‍ യജ്ഞം പരാജയപ്പെട്ടു. ഇതുവരെ 56.44 ശതമാനം കുട്ടികൾ മാത്രമാണ് മലപ്പുറം ജില്ലയില്‍ കുത്തിവയ്പ് എടുത്തത്. കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കണക്കുകളും ആരോഗ്യവകുപ്പ് വിചാരിച്ചത് പോലെ വന്നില്ല.
സംസ്ഥാനത്താകെ ലക്ഷ്യമിട്ട 76 ലക്ഷം കുട്ടികളിൽ 5890290 കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകി. തൊണ്ണൂറ്റാറ് ശതമാനത്തോടെ പത്തനംതിട്ട ജില്ലയാണ് മുന്നിൽ. സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി തന്നെ കുത്തിവയ്പ് നൽകാൻ അവസരമുണ്ടാകും. വാക്‌സിൻ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവർക്കെതിരെ നിയമപരമായി തന്നെ നീങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
