ബംഗളുരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് ബംഗളുരു പൊലീസ്. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികള്‍ കണ്ണൂരിലെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് നിരോധിത സംഘടനയായ അല്‍ഉമയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാല് പേരെ ബംഗളുരു പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ക്കുള്ള കേരള ബന്ധത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. രുദ്രേഷിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നത് കണ്ണൂരിലാണെന്നും ഇതില്‍ ഒരു പ്രാദേശിക നേതാവും പങ്കെടുത്തിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകത്തിന് ശേഷവും പ്രതികളായ വസീം അഹമ്മദ്, മുഹമ്മദ് മഷര്‍, മുഹമ്മദ് മുജീബുള്ള, ഇര്‍ഫാന്‍ പാഷ എന്നിവര്‍ കണ്ണൂരിലെത്തിയിരുന്നുവെന്നും ഇതിന് ശേഷം ഇവര്‍ ആന്ധ്രപ്രദേശിലെ കുപ്പത്തിലെത്തി ചിലരെ കണ്ടിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കേരളത്തില്‍ ആയുധ പരിശീലനം നടത്തിയിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇര്‍ഫാന്‍ നിരോധിത തീവ്രവാദ സംഘടനയായ അല്‍ ഉമയുമായി ബന്ധമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊല്ലം കളക്ട്രറേറ്റ്, മൈസൂര്‍ കോടതി, ചിറ്റൂര്‍ കോടതി എന്നിവിടങ്ങളിലുണ്ടായ സ്ഥോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ ഉമയാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.. കഴിഞ്ഞ മാര്‍ച്ചില്‍ മൈസൂരില്‍ ബിജെപി പ്രവര്‍ത്തകനായ രാജുവിനെ കൊലപ്പെടുത്തിയ സംഘവുമായി രുദ്രേഷ് കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
