കൊച്ചി: ബ്ലാക്ക് മെയിലിംഗ് കേസില്‍ നടന്‍ ദിലീപിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണമില്ലെന്ന് എറണാകുളം റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രത്യേക എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എസ്‌പി എ വി ജോര്‍ജ് പറഞ്ഞു. പൊലീസ് നടത്തുന്നത് പുനരന്വേഷണം അല്ല. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ദിലീപിന്റെ പരാതിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ സഹതടവുകാരന്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ വിവരം കഴിഞ്ഞ ദിവസം നടന്‍ ദിലീപ് സ്ഥിരീകരിച്ചിരുന്നു. ഈ ഘട്ടത്തില്‍ തന്‍റെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം നടക്കുന്നതെന്ന് മാധ്യമങ്ങളോട് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാദമാണ് ഇപ്പോള്‍ പൊലീസ് തള്ളിക്കള‍ഞ്ഞിരിക്കുന്നത്.