വിക്കീലീക്‌സാണ് ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവന്‍ ജോണ്‍ പൊഡെസ്റ്റയടക്കമുള്ളനരുടെ ഇമെയില്‍ ശേഖരം പുറത്തുവിട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അഭ്യന്തര കലഹങ്ങളും കുറ്റപ്പടുത്തലുകള്‍ക്കും പുറമെ വന്‍കിട വ്യവസായികള്‍ അടക്കമുള്ളവരുമായുള്ള ബന്ധവും, ചില മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖത്തിന് മുമ്പ് ചോദ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതും അടക്കമുള്ള രേഖകളാണ് പുറത്ത് വന്നത്. ഇതിന് പിന്നില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയുടെ എതിരാളി ഡോണാള്‍ഡ് ട്രംപും ആണെന്നാണ് ഡെമോക്രാറ്റ് നേതാക്കളുടെ ഉറച്ച സംശയം. ട്രംപിന്റെ ഉപദേഷ്‌ടാവ് റോജര്‍ സ്റ്റോണ്‍ ആഗസ്റ്റില്‍ ചെയ്ത ഒരു ട്വീറ്റാണ് ഇതിന് തെളിവായി പറയുന്നത്. വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജുമായുള്ള സ്റ്റോണിന്റ ബന്ധത്തിന് സാഹചര്യത്തെളിവുകള്‍ ഉണ്ടെന്നും റിപ്പബ്ലികന്‍ പക്ഷം പറയുന്നു. 

ട്രംപിന്റെ സ്‌ത്രീവിരുദ്ധ സംഭാഷണം വരുത്തുന്ന ആഘാതം കുറയ്‌ക്കാനാണ് ഈ മെയിലുകള്‍ പുറത്ത് വിട്ടത് എന്നും ആരോപണമുണ്ട്. സംഭവം എഫ്.ബി.ഐ അന്വേഷിച്ച് വരികയാണ്. എന്നാല്‍ ആരോപണം നിഷേധിച്ച് പുച്ചിനും വിക്കിലീക്‌സും സ്റ്റോണും രംഗത്തെത്തി. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു പുചിന്റെ പ്രതികരണം. അതേ സമയം പുചിന്റെ പാര്‍ട്ടി അംഗമായ റഷ്യന്‍ എം.പി ട്രംപിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതതും വിവാദമായിട്ടുണ്ട്. ഇതിനിടെ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായാല്‍ ലോകം അപകടത്തിലാകുമെന്ന് ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. നേരത്തെ ട്രംപിനെതിരെ നടത്തിയ അല്‍ ഹുസൈന്റെ പ്രസ്താവനയില്‍ റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ വിവാദം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കടക്കുമ്പോള്‍ ഹിലരി പിടി മുറുക്കുകയാണ്. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ അനുസരിച്ച് ഹിലരി 8 പോയിന്റ് മുന്നിലാണ്.