ലോകകപ്പിന് ഇന്നു തുടക്കം മത്സരം എട്ടരയ്ക്ക് മോസ്കോ ലുസ്നിക്കി സ്റ്റേഡിയത്തില്‍
മോസ്കോ: ലോകത്തിന്റെ കണ്ണുകളെല്ലാം തങ്ങളിലേക്കാണെന്ന് അവര്ക്കറിയാം. എല്ലാവരും ഉറ്റു നോക്കുമ്പോള് സ്വന്തം നാട്ടില് ഏറ്റുവാങ്ങുന്ന തോല്വി ലോകത്തിന് മുന്നിലുള്ള തലകുനിയ്ക്കലാകും റഷ്യക്ക്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില് ഇതുവരെ ആതിഥേയ ടീം തോറ്റിട്ടില്ല. ആ ചരിത്രത്തെ നെഞ്ചോട് ചേര്ത്ത് പിടിച്ചാണ് സ്റ്റാനിസ്ലാവ് ചെര്ച്ചസോവും സംഘം പോരിനിറങ്ങുന്നത്. ലോക ചാമ്പ്യന്മാരാകാമെന്നുള്ള അമിത ആഗ്രഹങ്ങള് ഒന്നുമില്ലെങ്കിലും ബ്രസീലിലെ പോലെ ആദ്യ റൗണ്ടില് തന്നെ തോറ്റ് പുറത്താകാന് റഷ്യ ഒട്ടും ആഗ്രഹിക്കുന്നില്ല.
ഇന്ന് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്ക്ക് ശേഷം രാത്രി എട്ടരയ്ക്ക് റഷ്യ-സൗദി മത്സരം ആരംഭിക്കും. ആരും ഒരു സാധ്യതയും കല്പ്പിച്ച് കൊടുക്കാത്ത ഏഷ്യന് രാജ്യങ്ങളുടെ അഭിമാനം ആദ്യ മത്സരത്തില് ഉയര്ത്തുകയെന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യം. സമീപ ഭാവിയില് ഒട്ടും ആശാവഹമായ പ്രകടനമല്ല റഷ്യ നടത്തിയിട്ടുള്ളത്. ഇത് സൗദിയുടെ സ്വപ്നങ്ങള്ക്ക് നിറം കൊടുക്കുന്നു. മോസ്കോയിലെ ചരിത്ര പ്രാധാന്യമുള്ള ലൂസ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ചരിത്രം തന്നെ പേടിയും
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ ചരിത്രത്തെ പുല്കുമ്പോള് മറ്റൊരു ചരിത്രം ലെനിന്റെ നാടിനെ ഭയപ്പെടുത്തുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്ച്ചയ്ക്ക് ശേഷം കളിച്ചിട്ടുള്ള ലോകകപ്പില് ഒന്നും ഗ്രൂപ്പ് ഘട്ടം താണ്ടാന് റഷ്യക്ക് സാധിച്ചിട്ടില്ല. പുതിയ താരങ്ങളില് നിന്ന് അത്ഭുതങ്ങള് പിറക്കുമെന്ന വിശ്വാസത്തിലാണ് റഷ്യ ബൂട്ട് കെട്ടുന്നത്. ഇരുപത്തിരണ്ടുകാരനായ അലക്സാണ്ടര് ഗോള്വിന് ആക്രമണ ഫുട്ബോളിലൂടെ എതിര് ടീമിന് നാശം വിതയ്ക്കുന്നതില് മിടുക്കനാണ്. ചെല്സിയുടെ മുന് താരമായ സിറക്കോവിന്റെ കരിയര് ലോകകപ്പോടെ അവസാനിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
അത് കൊണ്ട് തന്റെ അവസാന അവസരത്തില് ഓര്മിക്കാന് കഴിയുന്ന ഒരുപിടി നേട്ടങ്ങളുമായി കളം വിടാനാണ് സിറക്കോവിന്റെ ആഗ്രഹം. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരു മത്സരത്തില് പോലും ജയിക്കാന് റഷ്യക്ക് കഴിഞ്ഞിട്ടില്ല. കോണ്ഫെഡറേഷന്സ് കപ്പിലും യൂറോ കപ്പിലുമുമെല്ലാം ആദ്യ റൗണ്ടില് തന്നെ പുറത്താവുകയും ചെയ്തു. ഗോള് കീപ്പര് ഐഗര് അഗിന്ഫീവിന്റെ കൈകളിലാണ് റഷ്യയുടെ പ്രധാന പ്രതീക്ഷ. ഇതിന് മുമ്പ് ഒരിക്കല് മാത്രമേ റഷ്യയും സൗദിയും ഏറ്റമുട്ടിയിട്ടുള്ളൂ. 1994ല് നടന്ന മത്സരത്തില് രണ്ടിനെതിരെ നാല് ഗോളിന് സൗദി വിജയിച്ചു.

ത്രിമൂര്ത്തി കരുത്തില് സൗദി
അല് അബേദ്, അല് മുല്വാല്, അല് ഷെറി എന്നീ മൂന്ന് താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സൗദിയുടെ മുന്നോട്ടുള്ള കുതിപ്പുകള്. യോഗ്യത റൗണ്ടില് സൗദിയുടെ ടോപ് സ്കോററാണ് അല് അബേദ്. മുല്വാലിന്റെ ഗോള് അവരുടെ റഷ്യന് ടിക്കറ്റ് ഉറപ്പിച്ചപ്പോള് ഒമ്പത് വര്ഷമായി ടീമിന്റെ അവിഭാജ്യ ഘടകമായ അല് ഷെറിയുടെ അനുഭവപരിചയവും സൗദിക്ക് തുണയാകും. സൗദിയുടെ അവസ്ഥയും അത്ര മെച്ചമല്ല.
അവസാനം കളിച്ച ആറില് രണ്ടെണ്ണത്തില് മാത്രമാണ് ജയിച്ചത്. സന്നാഹ മത്സരങ്ങളില് ബെഞ്ചിലിരുത്തിയി സ്റ്റാര് സ്ട്രൈക്കര് അല് സഹ്ലാവിയെ ഇന്ന് ആദ്യ ഇലവില്ത്തന്നെ ഇറക്കുമെന്നാണ് സൂചന. 1994ല് പ്രീ ക്വാര്ട്ടറിലെത്തിയതാണ് സൗദി അറേബ്യയുടെ പ്രധാന നേട്ടം. 2006ന് ശേഷം സൗദിയുടെ ആദ്യ ലോകകപ്പാണിത്. ഫിഫ റാങ്കില് സൗദി അറേബ്യ 67-ാമത് നില്ക്കുമ്പോള് 70-ാം സ്ഥാനത്താണ് റഷ്യ.
