കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല അവസാനം കളിച്ച ആറില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സൗദി ജയിച്ചത് 

മോസ്കോ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ആതിഥേയരായ റഷ്യയും സൗദി അറേബ്യയുമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത രാജ്യങ്ങളാണ് സൗദിയും റഷ്യയും.

ലോക റാങ്കിംഗില്‍ 70ാം സ്ഥാനത്തുള്ള റഷ്യ, 67 മതുള്ള സൗദി അറേബ്യ. 21ാം ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരുന്ന രണ്ട് ടീമുകള്‍. ലുഷ്കിനി സ്റ്റേഡിയത്തില്‍ ആര്‍ത്തലക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് ആലോചിക്കാന്‍ പോലുമാവില്ല റഷ്യന്‍ സംഘത്തിന്. പക്ഷെ ടീമിന്‍റെ മോശം ഫോം ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പിലും യൂറോ കപ്പിലുമുമെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. എങ്കിലും എതിരാളികളുടെ അവസ്ഥയും അത്ര മെച്ചമല്ലാത്തത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അവസാനം കളിച്ച ആറില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സൗദി ജയിച്ചത്.

സന്നാഹമത്സരങ്ങളില്‍ ബഞ്ചിലിരുത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ അല്‍ സഹ്ലാവിയെ ഇന്ന് ആദ്യ ഇലവില്‍ത്തന്നെ ഇറക്കുമെന്നാണ് സൂചന. ഗോള്‍ കീപ്പര്‍ ഐഗര്‍ അഗിന്‍ഫീവിന്‍റെ കൈകളിലാണ് റഷ്യയുടെ പ്രധാന പ്രതീക്ഷ. 1994 ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് സൗദി അറേബ്യയുടെ പ്രധാന നേട്ടം. 2006ന് ശേഷം സൗദിയുടെ ആദ്യ ലോകകപ്പാണിത്.

സോവിയറ്റ് യൂണിയന്‍ ഇല്ലാതായ ശേഷം 3 ലോകകപ്പില്‍ കളിച്ച റഷ്യ ഒരിക്കല്‍ പോലും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. ഇതിന് മുന്പ് ഒരിക്കല്‍ മാത്രമേ റഷ്യയും സൗദിയും ഏറ്റമുട്ടിയിട്ടുള്ളൂ. 1994 ല്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന് സൗദി ജയിച്ചു. എങ്കിലും സമീപകാല ലോകകപ്പുകളിലൊന്നും ആതിഥേയര്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രം റഷ്യക്ക് പ്രതീക്ഷ നല്‍കുന്നു. മത്സരം രാത്രി 8.30ന് ആരംഭിക്കും.