ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും സ്ത്രീ പ്രവേശനം സംബന്ധിച്ച കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നകാര്യം സുപ്രീം കോടതി ജഡ്ജിമാര്‍ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ദില്ലി: കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയെയും ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിനെയും ബന്ധപ്പെടുന്ന ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്ന തരത്തിലേക്ക് കോടതി നടപടികള്‍ നീങ്ങിയതിന്റെ ഫലമായാണ് പ്രളയം ഉണ്ടായെന്ന് ധ്വനിപ്പിക്കുന്ന വരികളാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും സ്ത്രീ പ്രവേശനം സംബന്ധിച്ച കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നകാര്യം സുപ്രീം കോടതി ജഡ്ജിമാര്‍ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇപ്പോഴത്തെ പ്രളയവും കേസും തമ്മില്‍ ബന്ധിപ്പിക്കാന്‍ 10 ലക്ഷത്തിലൊരു സാധ്യതയെങ്കിലും ഉണ്ടെങ്കില്‍, ശബരിമല കേസില്‍ അയ്യപ്പനെതിരായ തീരുമാനമുണ്ടാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയപ്പോള്‍ അദ്ദേഹം കഴിഞ്ഞ ദിവസം വീണ്ടും ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. താന്‍ ശബരിമലയില്‍ പോകുന്ന അയ്യപ്പ ഭക്തനല്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് താന്‍ പറഞ്ഞതെന്നും ഗുരുമൂര്‍ത്തി വിശദീകരിച്ചു.
