കോടതിയിൽ നൽകുന്ന രസഹ്യസ്വഭാവമുള്ള രേഖകൾ കേസിലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള വ്യക്തികൾക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചത്

എറണാകുളം: ശബരിമലയിലെ സ്വർണ്ണ കവർച്ച കേസിൽ ഗൂഡാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി. അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സർക്കാരിനെയും,ദേവസ്വം ബോർഡിനെയും,ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും.ചെന്നൈയും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വർണ്ണം പോയ വഴികൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരൻ മുദ്ര വെച്ച കവറിൽ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട മുറിയിലാകും കോടതി നടപടികളെന്ന് രജിസ്റ്റർ വഴി നേരത്തെ വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി.സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ് ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ് പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞു. 

അന്വേഷണ സംഘവും നിലവിൽ അനുവദിച്ച ആറ് ആഴ്ചയ്ക്ക് പുറമെ അന്വേഷണത്തിന് രണ്ടാഴ്ച കൂടി സമയം നീട്ടി ചോദിച്ചു. അന്വേഷണം തുടങ്ങി എല്ലാ പത്ത് ദിവസത്തിലും കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്ന് നേരത്തെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു.അത് പ്രകാരമുള്ള സിറ്റിംഗാണ് ഇന്ന് നടന്നത്. തുടർന്നും അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കണമെന്നും കോടതി ആവർത്തിച്ച് ഓർമിപ്പിച്ചു.ഇതിന്‍റെ ഭാഗമായാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്.ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും,സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി സംസ്ഥാന സർക്കാർ,തിരുവിതാംകൂർ ദേവസ്വം ബോർഡ്,ദേവസ്വം വിജിലൻസ് എന്നിവർ മാത്രമാണ് എതിർകക്ഷികൾ.അന്വേഷണ സംഘം കോടതിയിൽ നൽകുന്ന രസഹ്യസ്വഭാവമുള്ള രേഖകൾ കേസിലെ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള വ്യക്തികൾക്ക് ലഭിക്കാനുള്ള വഴിയാണ് കോടതി ഇതോടെ അടച്ചത്. 

പുതിയ ഈ കേസാകും കോടതി ഇനി പരിഗണിക്കുക.അസാധാരണമായ വിധം നേരത്തെ ഉത്തരവിറക്കിയാണ് അടച്ചിട്ട മുറിയിലാകും നടപടികളെന്ന് കോടതി വ്യക്തമാക്കിയത്.സാധാരണ ബലാത്സംഗ കേസിലടക്കം അതിജീവിതമാരുടെ സ്വകാര്യ ഉറപ്പാക്കാൻ ആണ് കോടതി അടച്ചിട്ട മുറിയിലേക്ക് നടപടികൾ മാറ്റാറുള്ളത്.എന്നാൽ സംസ്ഥാനത്ത് ഏറെ ചർച്ച സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ വിവരങ്ങൾ പുറത്ത് പോകുന്നത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോടതി നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റിയതെന്നാണ് വിവരം.