ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപാളി കടത്തിയ കേസിൽ മുൻ ദേവസ്വം പ്രസിഡൻറ് എൻ. വാസുവിനെ പ്രത്യേക സംഘം ചോദ്യം ചെയ്തു. വാസുവിൻെറ മുൻ പി.എയും സ്വർണ കടത്തു കേസിലെ മുഖ്യപ്രതിയുമായ സുധീഷ് കുമാറിൻെറ അറസ്റ്റിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.
ശബരിമല സ്വർണ പാളികള്‍ പോറ്റി പുറത്തേക്ക് കൊണ്ട് പോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും താൻ ദേവസ്വം കമ്മീഷണറോ പ്രസിഡൻോ ആയിരുന്നില്ലെന്നായിരുന്നു എൻ വാസുവിൻെറ വിശദീകരണം. എന്നാൽ തൻെറ കൈയിൽ ബാക്കിവന്ന സ്വർണം എന്തു ചെയ്യണമെന്ന ചോദ്യവുമായി ഉണ്ണികൃഷ്ണൻ പോററി കത്തയക്കുന്നത് എൻ.വാസു ദേവസ്വം പ്രസിഡൻറായിരുന്നപ്പോള്‍. കത്തയച്ചതിന് എന്താണ് കുഴപ്പമെന്നായിരുന്നു വാസുവിൻറെ വിചിത്രവാദം.
ഈ കത്ത് തുടർ നടപടികള്‍ക്കായി തിരുവാഭരണം കമ്മീഷണർക്കും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും കൈമാറിയെന്നായിരുന്നു വാസു പറഞ്ഞത് . പിന്നീട് കത്തിൽ തുടർ നടപടി എന്തായെന്നും അന്വേഷിച്ചില്ല എന്നായിരുന്നു വാസുവിൻറെ വിശദീകരണം. . എന്നാൽ ശബരിമലയിൽ നിന്നും കട്ടെടുത്ത സ്വർണം കൈവശം വച്ചിരുന്ന പോറ്റി തെളിവു നശിപ്പിക്കുന്നതും തിരക്കഥയൊരുക്കുന്നതിനുമെന്നാണ് കത്ത് അയച്ചതെന്നാണ് എസ്.എ.ടിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് സ്വർണ കടത്തിലെ മുഖ്യആസൂത്രകനും ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസറും വാസുവിൻെറ പിഎയുമായിരുന്ന സുധീഷ് കുമാറിൻെറ അറസ്റ്റ്.
സ്വർണം ചെമ്പാക്കി എഴുതിയതിലും പോറ്റിയുടെ കത്തിലെ നടപടികള്‍ മുക്കിയതും ആരുടെയൊക്കെ അറിവോടെന്ന മൊഴി സുധീഷ് നൽകിയെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു വാസുവിനെ ചോദ്യം ചെയ്യൽ. വാസുവിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റിമാൻഡിൽ കഴിയുന്ന സുധീഷ് കുമാറിൻറെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അന്വേഷണം കൂടുതൽ ഉന്നതങ്ങളിലേക്ക് നീങ്ങുകയാണ്. കമ്മീഷണറായതിന് പിന്നാലെ ദേവസ്വം പ്രസിഡണ്ടായ വാസുവിന് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനിടെ കട്ടിള്ളപ്പാളിയിലെ സ്വർണ്ണം കടത്തിയ കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. റാന്നി കോടതിയിൽ ഹാജരാക്കിയശേഷമാണ് അറസ്റ്റ്.



