പത്തനംതിട്ട: ശബരിമലയിലെ കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നുറപ്പിച്ച് പൊലീസ്. പ്രതികളുടെ നാട്ടില്‍, മെര്‍ക്കുറി കലര്‍ന്ന പാദരസം ഒഴിക്കുന്ന ആചാരമുണ്ടെന്ന് ആന്ധ്രയിലെത്തിയ കേരളാ പൊലീസ് സ്ഥിരീകരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. അശ്വിത് എസ്. കാരാണ്‍മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുടെ നാട്ടിലെത്തി അന്വേഷണം നടത്തിയത്.
പുതിയ നിര്‍മ്മിതികളില്‍ നവധാന്യങ്ങള്‍ക്കൊപ്പം മെര്‍ക്കുറി കലര്‍ന്ന പാദരസം ഒഴിക്കുന്ന പതിവ് ആന്ധ്രയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ ശബരിമലയിലും ഈ ആചാരം പിന്തുടരുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ മാസം 25നാണ് ശബരിമലയില്‍ പുതിയതായി പ്രതിഷ്ടിച്ച കൊടിമരം അഞ്ചംഗ സംഘം കേടുവരുത്തിയത്. മെര്‍ക്കുറി കലര്‍ന്ന ദ്രാവകം ഒഴിച്ചതോടെ കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ നിറം മാറ്റമുണ്ടായി. പ്രതികളായ വെങ്കിട്ട റാവു, സഹോദരന്‍ ഇഎന്‍എല്‍ ചൗധരി, സത്യനാരായണ റെഡ്ഡി, സുധാകര റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി എന്നിവരെ മണിക്കൂറുകള്‍ക്കകം പന്പയില്‍നിന്ന് പിടികൂടി. കൊടിമരത്തില്‍ സ്വര്‍ണ്ണം പൂശിയ ഫിനിക്‌സ് കന്പനിയുമായി ശത്രുതയിലുള്ളവരാണ് ഇവരെന്നായിരുന്നു ആദ്യമുയര്‍ന്ന സംശയം.
