Asianet News MalayalamAsianet News Malayalam

ശബരിമല നട നാളെ തുറക്കും:തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൂടുതല്‍ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കേണ്ടി വരുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന

Sabarimala opens tomorrow
Author
Sabarimala, First Published Oct 16, 2018, 10:29 AM IST

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടതിന് ശേഷം ഇതാദ്യമായി ശബരിമല നട നാളെ തുറക്കും. കോടതി വിധിപ്രകാരം സ്ത്രീകളടക്കം എല്ലാ ഭക്തര്‍ക്കും നാളെ മുതല്‍ ശബരിമലയില്‍ കയറി തൊഴാം. എന്നാല്‍ ഒരു കാരണവശാലും സ്ത്രീകളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഭക്തരും അടക്കമുള്ള ഹൈന്ദവ-സമുദായ സംഘടനകളും. കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളും വിവിധ ഭക്തജനസംഘടനകളും നാളെ രാവിലെ മുതല്‍ എരുമേലി, നിലയ്ക്കല്‍ തുടങ്ങി വിവിധ പന്പയിലേക്കുള്ള വിവിധ ഇടങ്ങളില്‍ പ്രതിരോധമതില്‍ ഒരുക്കുന്നുണ്ട്.

അതേസമയം അടിയന്തരസാഹചര്യം കണക്കിലെടുത്ത് സര്‍വ്വസന്നാഹങ്ങളും ഒരുക്കുകയാണ് പൊലീസ്. നിലവില്‍ പന്പയിലും നിലയ്ക്കലിലുമായി ക്യംപ് ചെയ്യുന്ന വനിതാ പൊലീസുകാരോട് ആവശ്യപ്പെട്ടാല്‍ ഉടന്‍ മലകയറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പതിനെട്ടാം പടിക്ക് അടുത്ത് വനിതാ പൊലീസുകാരെ വിന്യാസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും കൂടുതല്‍ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം സന്നിധാനത്തിന് മുന്നിലേക്ക് വനിതാ പൊലീസുകാരെ വിന്യസിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്തായാലും അടുത്ത ദിവസങ്ങളില്‍ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും എന്ന് നോക്കിയാവും പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ശബരിമലയിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പൊലീസ് തടയും. പന്പയിലും സന്നിധാനത്തും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് പ്രത്യേക സുരക്ഷ മേഖലയിൽ പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കരുതലോടെ സാഹചര്യം നേരിടാനാണ് ദേവസ്വം ബോര്‍ഡിനും പൊലീസിനും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios