തീർഥാടകരുടെ കുറവ് മൂലം എരുമേലിയിൽ കടകൾ ലേലത്തിനെടുത്ത കച്ചവടക്കാർ പ്രതിസന്ധിയിൽ. ലേലത്തുകയിൽ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോ‍ർഡിനെ സമീപിച്ചിരിക്കുകയാണ് ഇവർ. 

എരുമേലി: തീർഥാടകരുടെ കുറവ് മൂലം എരുമേലിയിൽ കടകൾ ലേലത്തിനെടുത്ത കച്ചവടക്കാർ പ്രതിസന്ധിയിൽ. ലേലത്തുകയിൽ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോ‍ർഡിനെ സമീപിച്ചിരിക്കുകയാണ് ഇവർ. മണ്ഡലകാലം ഒരാഴ്ച പിന്നിടുമ്പോൾ കഴിഞ്ഞ വ‍ർഷത്തേക്കാൾ അഞ്ചിലൊന്ന് തീർത്ഥാടകരാണ് എരുമേലിയിൽ എത്തിയത്. 

ലക്ഷങ്ങൾ മുടക്കി ദേവസ്വം ബോർഡിൽ നിന്നും ലേലം പിടിച്ച കടക്കാർ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. നടപ്പന്തലിലെ കടകൾക്ക് മാത്രം ശരാശരി 10 ലക്ഷം രൂപയാണ് ചെലവ്. തീർഥാടകർ കുറഞ്ഞതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം വരെ കുറച്ചാണ് ഇത്തവണ ദേവസ്വം ബോർഡ് ലേലം നടത്തിയത്. ഇനിയും 17 കടകൾ ലേലത്തിൽ പോകാനുണ്ട്.

ഈ സഹാചര്യത്തിലാണ് ലേലത്തുക കുറച്ച് മടക്കിത്തരണമെന്ന് ആവശ്യപ്പെടാൻ കരാറുകാർ തീരുമാനിച്ചത്. 75 ലക്ഷം രൂപക്ക് തേങ്ങ ലേലത്തിൽപിടിച്ച കരാറുകാരനും തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടു. ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടതെന്ന് എരുമേലി ദേവസ്വം അധികൃതർ വ്യക്തമാക്കി.