നിലയ്ക്കല്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ നിലയ്ക്കലും പമ്പയിലും പൊലീസ് ലാത്തിവീശി. പ്രതിഷേധകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി സാഹചര്യത്തിലാണ് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പമ്പയിലെ കല്ലേറില്‍ സ്ത്രീക്ക് പരിക്ക്. അതേസമയം തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു.  

സംഘര്‍ഷത്തില്‍ വനിതാ മാധ്യമപ്രവർത്തകരടക്കം നിരവധി മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. മാധ്യമങ്ങളുടെ ക്യാമറകളും വാഹനങ്ങളും അടിച്ചു തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറ അടിച്ചു തകര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എന്‍ജി വാഹനം എറിഞ്ഞുതകര്‍ത്തു. മാധ്യമപ്രവർത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. ഇടവിട്ടുള്ള ആക്രമണ സംഭവങ്ങളാണ് നടക്കുന്നത്. പൊലീസ് നടപടിക്ക് ശേഷം പിരിഞ്ഞ് പോകുന്ന പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ആക്രമണം നടത്തുകയാണ്. ആദ്യമുണ്ടായ സംഘർഷം മൂന്നരയോടെ പൊലീസ് ശാന്തമാക്കിയിരുന്നു. പിന്നീട് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ കല്ലേറ് തുടങ്ങിയതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.

മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എം.ടി രമേശ്, പി.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സമരവേദി വിട്ടതിന് ശേഷമാണ് ഉച്ചയോടെ സംഘര്‍ഷമുണ്ടായത്. രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പൊലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. 

പമ്പയിലും നിലക്കലിലും പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് മലകയറാനെത്തിയ സ്ത്രീകള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാനായില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്ക്കെത്തിയ വനിതാ പൊലീസുകാരെയും പ്രതിഷേധകര്‍ വാഹനത്തില്‍നിന്ന് ഇറക്കി വിട്ടു. വനിതാ പൊലീസിനെ ഒളിച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് സംശയത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണ് പ്രതിഷേധകര്‍. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവർക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടർന്നാണ് സമരം അക്രമാസക്തമായത്.  

അതേസമയം, മല ചവിട്ടാന്‍ എത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്ര സ്വദേശി മാധവിയെയും ചേർത്തല സ്വദേശി ലിബി സി.എസിനെയും ആണ് അയ്യപ്പ ധർമസേന പ്രവർത്തകർ തടഞ്ഞത്. പമ്പയിൽ വെച്ചാണ് മാധവി അടക്കം ആറംഗ കുടുംബത്തെ പ്രതിഷേധക്കാർ തടഞ്ഞത്.