Asianet News MalayalamAsianet News Malayalam

ശബരിമലയിലെ നിയന്ത്രണം: ബിജെപി കോടതിയിലേക്ക്; ശബരിമല കർമസമിതി ഗവർണറെ കാണും

ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങൾക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്. ഇടപെടണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി ഗവർണറെ കാണും.

sabarimala restrictions bjp to approach high court sabarimala karmasamithy to meet governor
Author
Thiruvananthapuram, First Published Nov 18, 2018, 11:08 AM IST

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ ബിജെപി നിയമവഴി തേടാനൊരുങ്ങുന്നു. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. ക്രമസമാധാനപ്രശ്നങ്ങളുടെ പേരിൽ തീർഥാടകരുടെ അവകാശങ്ങളിൽ പൊലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹർജി നൽകുക. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാൻ അനുവദിച്ചില്ലെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉന്നയിച്ച് ബിജെപി, സംഘപരിവാർ നേതാക്കളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും.

അതേസമയം, ശബരിമല കർമസമിതിയും സന്നിധാനത്തെ നിയന്ത്രണങ്ങൾ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഗവർണർ പി.സദാശിവത്തെ കാണും. നിയന്ത്രണം ഭക്തരെ വലയ്ക്കുന്നു എന്നാണ് കർമസമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ചാണ് ശബരിമല കർമസമിതി പ്രവർത്തകർ ഗവർണറെ കാണുക.

രാത്രി സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്നതുൾപ്പടെ കടുത്ത നിയന്ത്രണങ്ങളാണ് ആദ്യം  പൊലീസ് കൊണ്ടു വന്നത്. എന്നാൽ ദേവസ്വംബോർഡും മന്ത്രി കടകംപള്ളി സുരേന്ദ്രനും കടുത്ത എതിർപ്പ് അറിയിച്ചതോടെ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്താൻ പൊലീസ് തയ്യാറായി. എന്നാൽ രാത്രി നെയ്യഭിഷേകമോ, പടിപൂജയോ ബുക്ക് ചെയ്യാത്തവർക്കോ, വൃദ്ധരും ശാരീരിക അവശതകളുമുള്ളവരുമല്ലാത്തവർക്കോ സന്നിധാനത്ത് ഇപ്പോഴും തുടരാൻ അനുമതിയില്ല. സന്നിധാനത്ത് തുടരാൻ പൊലീസ് അനുമതി  നൽകിയവർക്ക് വിരിവയ്ക്കുന്നതിനുൾപ്പടെ അനുവാദവുമുണ്ട്.  

Read More: സന്നിധാനത്ത് കർശനസുരക്ഷ; നിയന്ത്രണങ്ങളിൽ നേരിയ ഇളവ്; വിരി വയ്ക്കാൻ അനുമതി നൽകി പൊലീസ്

Follow Us:
Download App:
  • android
  • ios