തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സർവീസുകളും തുടരുമെന്ന് കെഎസ്ആർടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തുമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതൽ ആരംഭിക്കും. 

റയിൽവെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്. സംസ്ഥാനത്ത് ശബരിമല ഒഴികെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സ്തംഭിക്കാനാണ് സാധ്യത.